ന്യൂഡൽഹി: വിദേശസംഭാവനാ നിയന്ത്രണ ചട്ടത്തിൽ (എഫ്.സി.ആർ.എ.) കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതിയിലെ വ്യവസ്ഥകളിൽ ആശങ്കപ്പെട്ടിരിക്കുകയാണ് ജോൺ ബ്രിട്ടാസ് എം പി . ഭരണഘടനയുടെ അനുച്ഛേദം 25 ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെ ഭേദഗതി ഹനിക്കുമെന്നാണ് ബ്രിട്ടാസിന്റെ ഭയം. ഭേദഗതി പിൻ വലിക്കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായ്‌ക്ക് ബ്രിട്ടാസ് കത്തും അയച്ച് കഴിഞ്ഞു.
മതപരമായ പ്രവർത്തനങ്ങളിൽ ‘പരിവർത്തനം’ (Proselytisation) എന്ന വാക്ക് ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ കൊണ്ടുവരുമ്പോൾ, ഈ വാക്കിന് കൃത്യമായ നിയമപരമായ നിർവചനം ഭേദഗതിയിൽ നൽകിയിട്ടില്ല. ഇത് ഉദ്യോഗസ്ഥർക്ക് സ്വന്തം താല്പര്യപ്രകാരം നിയമം ദുരുപയോഗം ചെയ്യാനുമാകും എന്ന് പറഞ്ഞ് വിറളിപിടിക്കുന്നുമുണ്ട് ബ്രിട്ടാസ്.
കുംഭമേളയെയും, ഹിന്ദുക്കളെയും അടച്ചാക്ഷേപിക്കാൻ കച്ച കെട്ടിയിറങ്ങിയ ബ്രിട്ടാസിന് മതം മാറ്റക്കാരായ പാസ്റ്റർമാർക്ക് പിടി വീഴുമെന്ന് മനസിലാക്കിയതോടെയാണ് ആശങ്ക ആരംഭിച്ചത് തന്നെ. നേരത്തെ ഛത്തീസ് ഗഢില്‍ കന്യാസ്ത്രീകളോട് മോശമായി പെരുമാറിയെന്ന് പറഞ്ഞ് സമാധാനദൂതനായി പറന്നെത്തിയയാളാണ് ജോണ്‍ ബ്രിട്ടാസ് . FCRA നിയമ ഭേദഗതി എൻജിഒകൾക്ക് വരുന്ന വിദേശ നിക്ഷേപം നിയന്ത്രിക്കാൻ ഉദേശിച്ചുള്ളതാണ് എന്നും അതിൽ ക്രൈസ്തവ സഭകൾക്ക് യാതൊരു ആകുലതയും ആശങ്കയും ആവശ്യമില്ലെന്ന് നേരത്തെ തന്നെ ബിജെപി വ്യക്തമാക്കിയിരുന്നു.
ചില എൻജിഒകൾ വഴി ഇന്ത്യയിലേയ്‌ക്ക് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള പണം എത്തുന്നുണ്ട്. അത്തരം സംഘടനകളെ നിയന്ത്രിക്കാൻ നിയമം വരുമ്പോൾ അത് ക്രൈസ്തവ സഭാ സ്ഥാപനങ്ങൾ പിടിച്ചെടുക്കുന്നതിന് വേണ്ടിയാണ് എന്ന പ്രചാരണം നടത്തുന്നത് ബ്രിട്ടാസിനെ പോലെയുള്ളവരാണ് . നിയമം സംബന്ധിച്ച് ന്യൂനപക്ഷങ്ങൾക്കിടയിൽ അനാവശ്യ ഭീതി പടർത്തി തെറ്റിദ്ധാരണ പടർത്താനാണ് ഇവരുടെ ശ്രമം.
നേരത്തേ പൗരത്വ ഭേദഗതി നിയമവും വഖഫ് ഭേദഗതി നിയമവും വന്ന സമയത്തും ഇത്തരത്തിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ കോൺഗ്രസും ഇടത്പക്ഷവും ഉൾപ്പെട്ട ഇൻഡി മുന്നണി അനാവശ്യ ഭീതി പടർത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ഈ നിയമങ്ങളൊന്നും ഒരു ന്യൂനപക്ഷത്തിന് നേരേയുമുളള കടന്ന് കയറ്റമല്ലാ എന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതുപോലെ തന്നെയാണ് എഫ്സിആർഎ ഭേദഗതി നിയമവും.