പത്തനംതിട്ട: കോന്നി പാറമട അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴയില്‍നിന്ന് ലോങ് ബൂം എക്‌സവേറ്റര്‍ എത്തിച്ചുളള ദൗത്യത്തിനിടയിലാണ് അജയിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുകള്‍ മാറ്റി ക്യാബിന്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.
ഹിറ്റാച്ചി ക്യാബിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു ബിഹാര്‍ സ്വദേശി അജയ് റായുടെ മൃതദേഹം. നേരത്തെ അപകടം നടന്ന സ്ഥലത്ത് ഒട്ടേറെ തവണ പാറയിടിഞ്ഞു വീണതോടെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്ന് വലിയ ക്രെയിന്‍ എത്തിച്ചെങ്കിലും ദൗത്യം പുനഃരാരംഭിക്കാനായിരുന്നില്ല.
ഇന്ന് രാവിലെ ഏഴു മണിയോടെയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തിയിരുന്നു. പാറ ഇടിഞ്ഞു ഇന്നലെ അതിഥിത്തൊഴിലാളികള്‍ അപകടത്തില്‍പെട്ടിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തിയിരുന്നു. ഒഡീഷ കാണ്‍ധമാല്‍ ജില്ലയിലെ പേട്ടപാങ്ക ലുഹുറിംഗിയ മഹാദേബ് പ്രധാന്റെ (51) മൃതദേഹം ആണ് കണ്ടെത്തിയത്. പാറപൊട്ടിക്കുന്ന യന്ത്രത്തിന്റെ ഡ്രൈവര്‍ ബിഹാര്‍ സിമര്‍ല ജമുയ് ഗ്രാം സിമര്‍ലിയ അജയ് കുമാര്‍ റായിയെ (38) ആണ് കാണാതായത്.
വലിയ പാറമടയുടെ മുകൾ ഭാഗത്തുനിന്നു മണ്ണും പാറയുമടക്കം ഇടിഞ്ഞ് പാറപൊട്ടിക്കുന്ന യന്ത്രത്തിലേക്കു പതിക്കുകയായിരുന്നു. യന്ത്രത്തിനുള്ളിലുണ്ടായിരുന്ന തൊഴിലാളിയും സഹായിയുമാണ് അപകടത്തിൽപെട്ടത്. ക്വാറിക്ക് അടുത്ത വർഷംവരെ ലൈസൻസ് ഉണ്ടെന്ന് അധികൃതർ പറയുന്നു. പ്രവർത്തനം സംബന്ധിച്ച് കലക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്.