• Tue. Sep 24th, 2024

24×7 Live News

Apdin News

മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് അതൊരിക്കലും ആവശ്യമില്ല: തമിഴ്‌നാട് ഗവര്‍ണര്‍

Byadmin

Sep 23, 2024


മതേതരത്വം എന്നത് യൂറോപ്യന്‍ ആശയമാണെന്നും ഇന്ത്യയില്‍ അത് ആവശ്യമില്ലെന്നും തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി. മതേതരത്വത്തിന്റെ പേരില്‍ ഇന്ത്യയിലെ ജനങ്ങള്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നും രവി പറഞ്ഞു. കഴിഞ്ഞദിവസം കന്യാകുമാരിയില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് തമിഴ്നാട് ഗവര്‍ണര്‍ ഈ പ്രസ്താവന നടത്തിയത്.

യൂറോപ്പില്‍ ക്രിസ്ത്യന്‍ പള്ളികളും രാജാവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഫലമായാണ് യൂറോപ്പില്‍ മതേതരത്വം ഉയര്‍ന്നുവന്നതെന്നായിരുന്നു തമിഴ്‌നാട് ഗവര്‍ണറുടെ വാദം. ‘ഈ രാജ്യത്തെ ജനങ്ങള്‍ നിരവധി തവണ വഞ്ചിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് മതേതരത്വത്തിന്റെ തെറ്റായ വ്യാഖ്യാനം. മതേതരത്വം കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? മതേതരത്വം ഒരു യൂറോപ്യന്‍ ആശയമാണ്, ഇന്ത്യന്‍ സങ്കല്‍പ്പമല്ല.

സ്വാതന്ത്ര്യ ലബ്ധിയുടെ സമയത്ത് ഭരണഘടനാരൂപീകരണ വേളയില്‍, ചിലര്‍ മതേതരത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ടു. ഭരണഘടനാ നിര്‍മാണസമിതിയിലെ മുഴുവന്‍ അംഗങ്ങളും പറഞ്ഞു, മതേതരത്വം നമ്മുടെ രാജ്യത്തോ?. എവിടെങ്കിലും എന്തെങ്കിലും സംഘര്‍ഷമുണ്ടോ? ഭാരതം ധര്‍മത്തില്‍നിന്നാണ് ജന്മംകൊണ്ടിട്ടുള്ളത്. ധര്‍മത്തില്‍ എവിടെയാണ് സംഘര്‍ഷമുണ്ടാവുക, ഗവര്‍ണര്‍ പറഞ്ഞു.

‘മതേതരത്വം യൂറോപ്യന്‍ ആശയമാണ്. അത് അവിടെ മാത്രം നിലകൊണ്ടാല്‍ മതി. ഇന്ത്യയില്‍ മതേതരത്വത്തിന്റെ യാതൊരു ആവശ്യവുമില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വം എന്ന ആശയം ഉള്‍പ്പെടുത്തിയ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും അദ്ദേഹം വിമര്‍ശിച്ചു. ഇന്ദിരാ ഗാന്ധിയെ അസ്ഥിരയായ പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം.

25 കൊല്ലത്തിനു ശേഷം അടിയന്തരാവസ്ഥക്കാലത്ത്, അരക്ഷിതാവസ്ഥയിലുള്ളൊരു പ്രധാനമന്ത്രി ചില വിഭാഗങ്ങളിലെ ജനങ്ങളെ പ്രീതിപ്പെടുത്തുന്നതിന് ഭരണഘടനയില്‍ മതേതരത്വം കൂട്ടിച്ചേര്‍ത്തു, ഗവര്‍ണര്‍ ആര്‍.എന്‍. രവി പറഞ്ഞു.

 

By admin