• Fri. Sep 20th, 2024

24×7 Live News

Apdin News

മത്സ്യബന്ധന മേഖലയ്ക്ക് കടലാഴം കരുതല്‍

Byadmin

Sep 13, 2024


കേന്ദ്ര പദ്ധതിയായ പി.എം.എം.എസ്.വൈയുടെ ഉപപദ്ധതിയായാണ് പ്രധാനമന്ത്രി മത്സ്യ കിസാന്‍ സമ്പത്ത് സഹയോജന നടപ്പാക്കുന്നത്. 6,000 കോടി രൂപയുടെ പദ്ധതിക്ക് ലോകബാങ്ക്, എഎഫ്ഡി എന്നിവയില്‍ നിന്നുള്ള വായ്പയുള്‍പ്പടെ 3,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വിഹിതമാണ്. ബാക്കി 3,000 കോടി (50 ശതമാനം) ഗുണഭോക്താക്കളുടെ വിഹിതവും സ്വകാര്യ മേഖലയില്‍ നിന്നുള്ള നിക്ഷേപവുമാണ്. ‘പ്രധാനമന്ത്രി മത്സ്യ കിസാന്‍ സമൃദ്ധി സഹയോജനയും’, പദ്ധതിയുടെ പോര്‍ട്ടലായ നാഷണല്‍ ഫിഷറീസ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമും എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപ്പിലാക്കും.

മത്സ്യബന്ധനം അസംഘടിത മേഖലയായതിനാല്‍, നാഷണല്‍ ഫിഷറീസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം (എന്‍എഫ്ഡിപി) രൂപീകരിച്ചു മത്സ്യത്തൊഴിലാളികള്‍, മത്സ്യക്കച്ചവടക്കാര്‍, മത്സ്യ സംസ്‌കരണം നടത്തുന്നവര്‍ തുടങ്ങി മത്സ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ രജിസ്‌ട്രേഷന്‍ നടത്തും. സാമ്പത്തിക പ്രോത്സാഹനങ്ങള്‍ നല്‍കിക്കൊണ്ട് എന്‍എഫ്ഡിപി-ല്‍ ചേരുന്നതിന് മത്സ്യ മേഖലയിലുള്ളവരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. സാമ്പത്തിക ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ എന്‍എഫ്ഡിപി വഴി നടപ്പാക്കും. പരിശീലനവും വിപുലീകരണ പിന്തുണയും നല്‍കുക, സാമ്പത്തിക സാക്ഷരത മെച്ചപ്പെടുത്തുക, സാമ്പത്തിക സഹായത്തോടെ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കലും ഡോക്യുമെന്റേഷനും സുഗമമാക്കുക, പ്രൊസസ്സിങ് ഫീസും മറ്റ് ചാര്‍ജുകളും ഉണ്ടെങ്കില്‍ അവ തിരികെ നല്‍കുക, നിലവിലുള്ള ഫിഷറീസ് സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടപ്പാക്കും.

മത്സ്യത്തൊഴിലാളികള്‍, മത്സ്യ കര്‍ഷകര്‍, മത്സ്യ വില്‍പ്പനക്കാര്‍, മത്സ്യസംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍, സൊസൈറ്റികള്‍, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പുകള്‍ (എല്‍എല്‍പി), സഹകരണ സ്ഥാപനങ്ങള്‍, ഫെഡറേഷനുകള്‍, ഗ്രാമതല ഓര്‍ഗനൈസേഷനുകള്‍, സ്വയം സഹായ സംഘങ്ങള്‍ (എസ്എച്ച്ജി), ഫിഷ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ (എഫ്എഫ്പിഒ), മത്സ്യബന്ധനത്തിലും അക്വാകള്‍ച്ചറിലും ഏര്‍പ്പെട്ടിരിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍, മൂല്യവര്‍ധിത ഉത്പന്ന ശൃംഖലകള്‍ തുടങ്ങിയവര്‍ക്കെല്ലാം പദ്ധതിയുടെ ഗുണഭോക്താക്കളാകാം.

നാഷണല്‍ ഫിഷറീസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം (എന്‍എഫ്ഡിപി) വഴി 40 ലക്ഷം ചെറുകിട, സൂക്ഷ്മ സംരംഭങ്ങള്‍ക്ക് തൊഴില്‍ അടിസ്ഥാനമാക്കിയുള്ള ഐഡന്റിറ്റികള്‍ നല്കി ക്രമവത്കരിക്കുന്നത് മത്സ്യബന്ധന മേഖലയില്‍ സ്ഥാപനപരമായ വായ്പ ലഭ്യമാക്കുന്നത് വര്‍ധിപ്പിക്കുന്നതിന് കാരണമാകും. പദ്ധതിയിലൂടെ 6.4 ലക്ഷം സൂക്ഷ്മ സംരംഭങ്ങളെയും 5,500 ഫിഷറീസ് സഹകരണ സംഘങ്ങളെയും പിന്തുണയ്‌ക്കുകയും സ്ഥാപനപരമായ വായ്പകള്‍ ലഭ്യമാക്കുകയും ചെയ്യും. പരമ്പരാഗത സബ്സിഡി വിതരണത്തില്‍ നിന്ന് പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പ്രോത്സാഹനങ്ങളിലേക്ക് മത്സ്യബന്ധന മേഖലയെ ക്രമാനുഗതമായി മാറ്റാനും പദ്ധതി വിഭാവനം ചെയ്യുന്നു. 55,000 സൂക്ഷ്മ-ചെറുകിട സംരംഭങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതും സുരക്ഷിതമാക്കുന്നതും ഗുണനിലവാരമുള്ള മത്സ്യങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതും പരിസ്ഥിതി സംരക്ഷിക്കുന്നതും സുസ്ഥിരവും സുതാര്യവുമായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.

ഉത്പാദനവും ഉത്പാദനക്ഷമതയും ശക്തിപ്പെടുത്തുന്നതിനായി അക്വാകള്‍ച്ചറിനുള്ള ഇന്‍ഷുറന്‍സ് ലഭ്യമാക്കി രോഗം മൂലമുള്ള കൃഷിനാശത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. മത്സ്യത്തിന്റെ മൂല്യത്തെക്കുറിച്ച് അവബോധം വളര്‍ത്തിയും, മൂല്യവര്‍ദ്ധന നടത്തിയും, കയറ്റുമതിക്കുള്ള മത്സരക്ഷമത വര്‍ധിപ്പിച്ചും മൂല്യ ശൃംഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ചും മത്സ്യ മേഖയില്‍ നിന്നുള്ള ലാഭവും വരുമാനവും ഉയര്‍ത്തും. ആഭ്യന്തര വിപണിയില്‍ മത്സ്യത്തിന്റെയും മത്സ്യ ഉല്‍പന്നങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്താനും പദ്ധതി സഹായകമാകും.

മത്സ്യത്തിന്റെ ആഭ്യന്തര വിപണിയുടെ ശക്തിയും ആഴവും വര്‍ദ്ധിപ്പിച്ചു ബിസിനസ്സുകളുടെ വളര്‍ച്ചയ്‌ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പദ്ധതി ഗുണകരമാകും. തൊഴിലവസരങ്ങളും സുരക്ഷിതമായ ജോലിസ്ഥലവും സൃഷ്ടിക്കുന്നതിലൂടെ സ്ത്രീ ശാക്തീകരണം നടപ്പാക്കും. 75,000 സ്ത്രീകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് 1.7 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സൂക്ഷ്മ ചെറുകിട സംരംഭ മൂല്യ ശൃംഖലയില്‍ 5.4 ലക്ഷം തൊഴിലവസരങ്ങള്‍ തുടര്‍ച്ചയായി സൃഷ്ടിക്കാനും പിഎം-എംകെഎസ്എസ്‌വൈ പദ്ധതി ലക്ഷ്യമിടുന്നു.

100 തീരദേശ ഗ്രാമങ്ങളെ കാലാവസ്ഥ പ്രതിരോധശേഷിയുള്ളവയാക്കി വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും പ്രഖ്യാപിച്ചു (Climate Resilient Coastal Fishermen Villages (CRCFV). ഇതില്‍ 6 ഗ്രാമങ്ങള്‍ കേരളത്തിലാണ്

1. ഇത്തരം ഗ്രാമങ്ങളില്‍ മാറിവരുന്ന പരിസ്ഥിതി സാഹചര്യങ്ങള്‍ക്കനുസൃതമായി അടിസ്ഥാന സൗകര്യ വികസനത്തിനും സുസ്ഥിര മത്സ്യബന്ധന പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തി വിവിധ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കും

2. ഇതുകൂടാതെ കാര്യശേഷി നിര്‍മാണത്തിനും മറ്റു ജീവനോപാധികള്‍ നേടുന്നതിനുള്ള പരിശീലനത്തിലൂടെ തദ്ദേശീയ സമൂഹങ്ങളെ ശാക്തീകരിക്കും

3 സംസ്ഥാനങ്ങളുടെയോ കേന്ദ്രഭരണ പ്രദേശങ്ങളുടെയോ നിര്‍ദേശം അനുസരിച്ച് 100 ഗ്രാമങ്ങളെ തെരഞ്ഞെടുക്കും. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക.

4 ഓരോ വില്ലേജിനും രണ്ടു കോടി രൂപ വീതം 200 കോടി രൂപ വകയിരുത്തി.

5 ഈ ഗ്രാമങ്ങളില്‍ ജീവനോപാധി സംരക്ഷണവും പരിസ്ഥിതി സന്തുലനവും നിലനിര്‍ത്തുന്നതിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കും.
കൂടാതെ മൂന്ന് ഫിഷറീസ് ഇന്‍ക്യൂബേഷന്‍ സെന്ററുകളും പ്രഖ്യാപിച്ചു. അതിലൊന്ന് കേരളത്തിലാണ്.



By admin