തിരുവനന്തപുരം: മദ്യപിച്ചു വാഹനമോടിച്ച് പിടിയിലായതിന് പിന്നാലെ പൊലീസുകാരന്റെ മൊബൈല്‍ ഫോണുമായി കടന്ന പ്രതി അറസ്റ്റില്‍. ബാലരാമപുരം പള്ളിവിളാകം സ്വദേശി റിജു എന്ന സുജു പി.ജോണാണ് പൊലീസിന് ‘പണികൊടുത്ത’ വിരുതന്‍.
സിപിഒ ഷിഫിന്‍ ജോണിന്റെ ഫോണാണ് പ്രതി കവര്‍ന്നത്.തന്നെ പിടികൂടിയ പൊലീസിനു തിരികെ ‘പണി കൊടുക്കാനാണ്’ ഫോണ്‍ കവര്‍ന്നതെന്ന് സുജു പി.ജോണ്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മദ്യപിച്ച് വാഹനമോടിച്ചതിന് വിഴിഞ്ഞം പൊലീസാണ് സുജു പി.ജോണിനെ പിടികൂടുന്നത്. പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെ ജീപ്പില്‍ വച്ച് സിപിഒ ഷിബിന്‍ ജോണിന്റെ ഫോണ്‍ പ്രതി കവരുകയായിരുന്നു. കേസില്‍ ജാമ്യത്തില്‍ ഇയാള്‍ സ്റ്റേഷനില്‍ നിന്ന് പോയി. പിന്നീടാണ് ഫോണ്‍ കാണാതായത് ഷിഫിന്‍ ശ്രദ്ധിക്കുന്നത്.
അന്വേഷണം നടക്കുന്നതിനിടെ ഈ പ്രതിയെ തമ്പാനൂര്‍ റെയില്‍വേ പൊലീസ് പിടികൂടി. മദ്യലഹരിയില്‍ റെയില്‍വേ സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയതോടെയാണ് പൊലീസ് പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന രണ്ടു ഫോണുകള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഒരെണ്ണം ഭാര്യയുടെ ഫോണാണെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഫോണിന്റെ ലോക്ക് തുറക്കാന്‍ റെയില്‍വേ പൊലീസ് ആവശ്യപ്പെട്ടതോടെ കളളി വെളിച്ചത്തായി.