കോഴിക്കോട്: യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവച്ചതില്‍ പ്രതികരണവുമായി നിര്‍ണായക ഇടപെടല്‍ നടത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മനുഷ്യന്‍ എന്ന നിലയിലാണ് താന്‍ ഇടപെട്ടത്. മനുഷ്യന് വേണ്ടി ഇടപെടണം എന്നാണ് അവിടുത്തെ മത പണ്ഡിതരോട് ആവശ്യപെട്ടത്. ബ്ലഡ് മണി സമാഹരിക്കാനുള്ള ചുമതല ചാണ്ടി ഉമ്മന്‍ ഏറ്റെടുക്കാം എന്ന് അറിയിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.
യമന്‍ ജനതക്ക് സ്വീകാര്യരായ മുസ്ലിം പണ്ഡിതരെയാണ് താന്‍ ബന്ധപെട്ടത്. ആ രാജ്യത്തെ മുഴുവന്‍ ജനങ്ങളും സ്വീകരിക്കുന്നവരാണ് അവര്‍. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെങ്കില്‍ ചെയ്യണം എന്ന് പണ്ഡിതന്മാരോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ഇടപെട്ടതെന്നും കാന്തപുരം പറഞ്ഞു.