• Wed. Jul 16th, 2025

24×7 Live News

Apdin News

മന്ത്രി എ.കെ. ശശീന്ദ്രനെയും തോമസ് കെ. തോമസ് എംഎല്‍എയും അയോഗ്യരാക്കണമെന്ന് എന്‍സിപി ഔദ്യോഗിക വിഭാഗം

Byadmin

Jul 16, 2025


മുംബൈ: എന്‍സിപി ശരദ് പവാര്‍ പക്ഷത്തുള്ള മന്ത്രി എ.കെ. ശശീന്ദ്രനെയും തോമസ് കെ. തോമസ് എംഎല്‍എയും അയോഗ്യരാക്കണമെന്ന് എന്‍സിപി ഔദ്യോഗിക വിഭാഗം.ഇക്കാര്യം ആവശ്യപ്പെട്ട് അടുത്ത ആഴ്ച സ്പീക്കര്‍ക്ക് കത്തു നല്‍കും.

എംഎല്‍എ സ്ഥാനം ഒരാഴ്ചക്കകം രാജിവെച്ചില്ലെങ്കില്‍ അയോഗ്യരാക്കുമെന്നാണ് മുന്നറിയിപ്പ്. ഒരാഴ്ചയ്‌ക്കുള്ളില്‍ രാജിവച്ചില്ലെങ്കില്‍ തുടര്‍നടപടിയുണ്ടാകുമെന്ന് ജൂലായ് നാലിന് ഇരുവര്‍ക്കും പാര്‍ട്ടി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ കത്തു നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും മറുപടി നല്‍കിയില്ല.

ഈ സാഹചര്യത്തിലാണ് കൂറുമാറ്റ നിരോധന നിയമപ്രകാരവും ജനപ്രാതിനിധ്യ നിയമപ്രകാരവും ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്കു കത്തു നല്‍കാനുളള നീക്കം. സ്പീക്കര്‍ അനുകൂല തീരുമാനമെടുത്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തയാറെടുക്കുന്നത്.എന്‍സിപി പിളര്‍ന്ന് ശരദ് പവാര്‍, അജിത് പവാര്‍ വിഭാഗങ്ങളായി മാറിയതിനു ശേഷം ഔദ്യോഗിക വിഭാഗമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചത് അജിത് പവാര്‍ വിഭാഗത്തെയാണ്. ക്ലോക്ക് ചിഹ്നം നല്‍കിയതും അജിത് പവാര്‍ വിഭാഗത്തിന്.

എന്നാല്‍ കേരളത്തില്‍ എ.കെ. ശശീന്ദ്രനും തോമസ് കെ.തോമസും ശരദ് പവാറിന്റെ എന്‍സിപി-എസ്പിക്കൊപ്പമാണ്. രണ്ട് പേര്‍ക്കും പാര്‍ട്ടി അംഗത്വത്തില്‍ തുടരാന്‍ കഴിയില്ലെന്നും എത്രയും പെട്ടെന്ന് രാജിവയ്‌ക്കണമെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എന്‍.എ. മുഹമ്മദ് കുട്ടി പറഞ്ഞു. തര്‍ക്കം സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്നുവെന്ന വാദം ശരിയല്ലെന്നും മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പില്‍ ക്ലോക്ക് ചിഹ്നം അജിത് പവാര്‍ പക്ഷത്തിനു നല്‍കി കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍, നോട്ടീസിനെ ഗൗരവമായി കാണുന്നില്ലെന്നും സംഘടന ഭരണഘടന പ്രകാരം അത് നിലനില്‍ക്കില്ലെന്നും അവഗണിക്കുന്നുവെന്നുമാണ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചത്.ആരാണ് യാഥാര്‍ഥ എന്‍സിപി എന്നതില്‍ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ എംഎല്‍എമാരെ അയോഗ്യരാക്കാന്‍ കഴില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.



By admin