തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ മുരളീധരനെതിരെ അപകീര്ത്തികരമായ പരാമര്ശങ്ങള് അടങ്ങിയ പോസ്റ്റ് സമൂഹ മാധ്യമത്തില് പങ്കുവച്ച പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന് നിര്ദ്ദേശം. ഓഫീസ് അറ്റന്ഡര് ആയി ജോലി ചെയ്തിരുന്ന ബിജു ലീജയെയാണ് പിരിച്ചുവിടാന് സര്ക്കാര് പിഎസ്സി സെക്രട്ടറിക്ക് നിര്ദ്ദേശം നല്കിയത്.
2017നു ശേഷം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള് വഴിയല്ലാതെ താത്കാലികമായി നിയമിച്ച എല്ലാ ഓഫീസ് അറ്റന്ഡര്മാരെയും പിരിച്ചുവിടാനും നിര്ദേശമുണ്ട്. ഇവര് ചട്ടവിരുദ്ധമായാണ് ജോലിയില് തുടരുന്നതെന്നാണ് പൊതുഭരണവകുപ്പിന്റെ ഉത്തരവില് പറയുന്നത്. ഇക്കാര്യത്തില് അന്തിമ നടപടി റിപ്പോര്ട്ട് രണ്ടാഴ്ചയ്ക്കകം സര്ക്കാരിന് നല്കണം.
ബിജുവിന്റെ നടപടി സര്ക്കാരിന്റെ പ്രതിഛായയ്ക്കും മന്ത്രിയുടെ ഓഫീസിന്റെ അന്തസിനും മങ്ങലേല്പിച്ചെന്ന് ഉത്തരവില് പറയുന്നു. ഗുരുതര അച്ചടക്ക ലംഘനമാണ് ജീവനക്കാരന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ഉത്തരവില് ചൂണ്ടിക്കാട്ടി.