• Sun. Jul 13th, 2025

24×7 Live News

Apdin News

മയക്കമരുന്ന് ഹബ്ബായിരുന്ന ലക്ഷദ്വീപിനെ രക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ എതിര്‍ത്തു; ഇന്ന് ആ വികസനത്തിന് കയ്യടിച്ച് ഐഷാ സുല്‍ത്താന

Byadmin

Jul 11, 2025



ന്യൂദല്‍ഹി: കടല്‍ വഴിയുള്ള മയക്കമരുന്ന് കടത്തിന്റെ ഹബ്ബായിരുന്ന ലക്ഷദ്വീപിനെ അതില്‍ നിന്നും രക്ഷിക്കാനാണ് മോദി സര്‍ക്കാര്‍ ഇവിടെ വന്‍വികസനപദ്ധതികളുമായി എത്തിയത്. അന്ന് അതിനെ നഖശിഖാന്തം എതിര്‍ത്തവരില്‍ സഹസംവിധായികയായ ഐഷാ സുല്‍ത്താനയും ഉണ്ടായിരുന്നു. പക്ഷെ ഇന്ന് മോദി സര്‍ക്കാരിന്റെ വികസനയജ്ഞങ്ങള്‍ ലക്ഷദ്വീപിനെ രക്ഷിക്കാന്‍ വേണ്ടിയുള്ളതായിരുന്നുവെന്ന് തുറന്നു പറയുകയാണ് ഐഷാ സുല്‍ത്താന.

കോവിഡിന് തൊട്ടുമുന്‍പ് 2021ലാണ് ലക്ഷദ്വീപ് മയക്കമരുന്ന് ലോബിയുടെ കടല്‍മാര്‍ഗ്ഗമുള്ള ഹബ്ബാണെന്ന് കേന്ദ്രം തിരിച്ചറിഞ്ഞത്. ഇത് ഏത് വിധേനെയും തടയണമെന്ന് കണക്കുകൂട്ടിയാണ് ഇവിടെ വന്‍വികസനപദ്ധതികള്‍ക്ക് കേന്ദ്രം ഒരുങ്ങിയത്. പക്ഷെ അന്ന് കോണ്‍ഗ്രസും കേരളത്തിലെ സിപിഎമ്മും കൈകോര്‍ത്ത് ഈ പദ്ധതികളെയും പരിഷ്കാരങ്ങളെയും എതിര്‍ത്തിരുന്നു.

കോവിഡ് ലക്ഷദ്വീപിനു മേല്‍ മോദിസര്‍ക്കാര്‍ അടിച്ചേല്‍പിച്ച ജൈവയുദ്ധമാണെന്ന് വരെ ഐഷാ സുല്‍ത്താന വാദിച്ചിരുന്നു. ഇതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റവും ചുമത്തി. കോടതിയും ഇത് ശരിവെച്ചിരുന്നു. പിന്നീട് ഐഷാ സുല്‍ത്താനയെ കുറ്റവിമുക്തയാക്കി.

പിന്നീട് ലക്ഷദ്വീപില്‍ മോദി സര്‍ക്കാരിന്റെ വികസനപദ്ധതികള്‍ നടപ്പിലാക്കാന്‍ വന്ന ഡപ്യൂട്ടി കളക്ടര്‍ ഹര്‍ഷിത് സെയ്നിയില്‍ നിന്നും എങ്ങിനെയൊക്കെയാണ് വികസനം വരുന്നതെന്ന് അറിഞ്ഞതോടെ ഐഷാ സുല്‍ത്താനയുടെ തെറ്റിദ്ധാരണകള്‍ നീങ്ങി. ഇന്ന് അവര്‍ മോദി സര്‍ക്കാരിന്റെ വികസനപദ്ധതികള്‍ക്ക് കയ്യടിക്കുകയാണ്. ഹരിയാനയില്‍ നിന്നുള്ള ഡപ്യൂട്ടി കളക്ടര്‍ ഹര്‍ഷിത് സെയ്നിയുമായി പ്രണയത്തിലായ ഐഷാ സുല്‍ത്താന അദ്ദേഹത്തെ രജിസ്റ്റര്‍ വിവാഹം കഴിച്ചിരിക്കുകയുമാണിപ്പോള്‍.

മോദിയെ ആദ്യം വിമര്‍ശിക്കുകയും പിന്നീട് കയ്യടിക്കുകയും ചെയ്തവരാണ് ജെഎന്‍യുവിലെ ഇടത് വിദ്യാര്‍ത്ഥിസംഘടനാ നേതാവ് ഷെഹ് ല റഷീദും എഴുത്തുകാരിയും നോവലിസ്റ്റുമായ ശോഭാ ദേയും. ഇന്നിതാ ഐഷാ സുല്‍ത്താനയും ഇവരുടെ വഴിയില്‍ എത്തുകയാണ്. മാത്രമല്ല, മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വേണ്ടി ഇവര്‍ ആസൂത്രണം ചെയ്തിരുന്ന ‘124എ’ ) (രാജ്യദ്രോഹക്കുറ്റത്തിന്റെ വകുപ്പാണ് 124എ എന്നത് ) എന്ന സിനിമ തന്നെ ഉപേക്ഷിച്ചതായും ഐഷാ സുല്‍ത്താന പറയുന്നു.

 

By admin