• Fri. Sep 11th, 2026

24×7 Live News

Apdin News

മലപ്പുറം മോർഫിങ് കേസിലെ പ്രതി ലോഡ്ജിൽ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു; യുവാവ് ആശുപത്രിയിൽ

Byadmin

Sep 11, 2026


മലപ്പുറം: സംസ്ഥാനത്ത് ഏറെ കോലാഹലം സൃഷ്ടിച്ച മലപ്പുറം മോർഫിങ് കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഓടൻകുഴി സ്വദേശി സുബിൻ ബാബു (26) ആണ് മലപ്പുറത്തെ സ്വകാര്യ ലോഡ്ജ് മുറിയിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രക്തസ്രാവത്തെ തുടർന്ന് യുവാവിനെ ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നിലവിൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

കേസിൽ കോടതിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് സുബിൻ ബാബുവിന് ജാമ്യം ലഭിച്ചത്. ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ മലപ്പുറത്തുള്ള സ്വകാര്യ ലോഡ്ജിൽ താമസിച്ച് വരികയായിരുന്നു. ഇവിടെ വച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.

കോളേജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു

തിരുവനന്തപുരത്ത് മൊബൈൽ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്ന സുബിൻ ബാബു, മലബാർ മേഖലയിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥിനികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്ന് ചിത്രങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ് നടത്തിയത്. ഈ ചിത്രങ്ങൾ അശ്ലീലരീതിയിൽ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും പണം വാങ്ങി മറ്റ് ആളുകൾക്ക് വിൽക്കുകയും ചെയ്തുവെന്നാണ് കേസ്.

മലപ്പുറം ജില്ലയിലെ പന്ത്രണ്ടോളം കോളേജുകളിൽ നിന്നുള്ള വിദ്യാർഥിനികളാണ് മോർഫിംഗിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടർന്ന് പൊലീസ് മെറ്റ (Meta) ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്തുനിന്ന് ഇയാളെ വലയിലാക്കിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)







By admin