മലപ്പുറം: മലപ്പുറം മോര്‍ഫിംഗ് കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി സുബിന്‍ബാബു ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. സ്വകാര്യ ലോഡ്ജില്‍ കഴിയുന്നതിനിടയില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയും ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. സുബിന്‍ബാബു അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സുബിനെ വീണ്ടും പോലീസ് ചോദ്യം ചെയ്യും.
കഴിഞ്ഞദിവസം അറസ്റ്റിലായ സുബിന്‍ബാബുവിന് കോടതി ഈ കേസില്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ പോലീസ് ചോദ്യം ചെയ്യലും മറ്റും ആവശ്യമായതിനാല്‍ ഇയാള്‍ മലപ്പുറത്തെ ഒരു ലോഡ്ജില്‍ താമസിച്ചുവരികയായിരുന്നു. ജാമ്യവ്യവസ്ഥയില്‍ മലപ്പുറം ജില്ല വിട്ടു പോകരുതെന്ന വ്യവസ്ഥയും കോടതി വെച്ചിരുന്നു. സ്വകാര്യ ലോഡ്ജില്‍ താമസിക്കുന്നതിനിടയിലാണ് ആത്മഹത്യയ്‌ക്ക് ശ്രമം നടത്തിയത്.
ഒരു കേസിലാണ് അറസ്റ്റ് ചെയ്തതെങ്കിലും മറ്റു 11 പോയിന്റുകളില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ട്. ഇയാള്‍ തനിച്ചാണോ കുറ്റകൃത്യം ചെയ്തത് അതോ മറ്റാരുടെയെങ്കിലും സഹായം കിട്ടിയിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. തനിക്ക് ചിത്രം അയച്ചു തന്നത് മെറ്റാരാള്‍ ആണെന്ന് സുബിന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പോലീസിന് അന്വേഷണം നടത്തേണ്ട സാഹചര്യമുണ്ട്.
തിരുവനന്തപുരം തിരുമല ഒടൻകുഴി സ്വദേശിയായ സുബിന്‍ ഒരു മൊബൈൽ ടെക്നീഷ്യനാണ്. മലബാർ മേഖലയിലെ (പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ 12-ഓളം കോളേജുകളിലെ) വിദ്യാർത്ഥിനികൾ ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ വ്യാജ അക്കൗണ്ടുകൾ വഴി ഡൗൺലോഡ് ചെയ്ത്, അവ അശ്ലീലമായ രീതിയിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള കേസ്.
ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാനും സാമ്പത്തിക ലാഭത്തിനുമാണ് ഇപ്രകാരം ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം എസ്.പി. ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം തിരുവനന്തപുരത്ത് എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.