• Tue. Jul 15th, 2025

24×7 Live News

Apdin News

മലപ്പുറത്തെ മദ്രസ ഉസ്താദിന് 86 വർഷം കഠിനതടവ്

Byadmin

Jul 15, 2025


മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത മദ്രസാധ്യാപകന് 86 വർഷം കഠിനതടവ്. ജാബിർ അലി എന്നയാളെയാണ് മഞ്ചേരിയിലെ പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. മലപ്പുറം വേങ്ങരയിൽ 12 വയസ്സുകാരിയെയാണ് ജാബിർ അലി ബലാത്സംഗം ചെയ്തത്. 2022 ഏപ്രിൽ 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മദ്രസയിലെ ബാത്ത്‌റൂമിൽ വെച്ച് രാവിലെയാണ് അധ്യാപകനായ ജാബിർ അലി കുട്ടിയെ ബലാത്സംഗം ചെയ്തത്. എട്ടരയോടെ കുട്ടി വീട്ടിലെത്തി സഹോദരിയോട് കരഞ്ഞുകൊണ്ട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതിനു പിന്നാലെ കുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കഠിന തടവിന് പുറമേ പ്രതി 4.5 ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ശിക്ഷാവിധിയിൽ വ്യക്തമാക്കി.

ഈ പണം ബലാത്സം​ഗത്തിനിരയായ പെൺകുട്ടിയുടെ പുനരധിവാസത്തിന് ഉപയോ​ഗിക്കണമെന്നും കോടതി നിർദ്ദേശിച്ചു. മലപ്പുറം വനിതാ പൊലീസാണ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. പിന്നാലെ അധികം വൈകാതെ പ്രതിയെ അറസ്റ്റ് ചെയ്തു. കേസിൽ വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് 86 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചത്. കേസിൽ 19 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രതി ജാബിർ അലിയെ തവനൂർ ജയിലിലേക്ക് മാറ്റി.



By admin