• Sun. Sep 22nd, 2024

24×7 Live News

Apdin News

‘മലപ്പുറത്ത് സമീപകാലത്ത് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പുനരന്വേഷിക്കണം’: പി.കെ കുഞ്ഞാലിക്കുട്ടി

Byadmin

Sep 22, 2024


മലപ്പുറത്ത് സമീപകാലത്ത് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പുനരന്വേഷിക്കണമെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആരെ വേണമെങ്കിലും പിടിച്ച് മയക്കുമരുന്ന് കച്ചവടക്കാരാക്കുക, കൊല്ലുക, ആർക്കെതിരെയും കേസെടുക്കുക തുടങ്ങിയ കാര്യങ്ങളാണ് നടന്നത്. അത് ചെറിയ കാര്യമല്ല. ബ്രിട്ടീഷുകാരുടെ കാലത്തും ഇതൊക്കെ തന്നെയാണ് നടന്നിരുന്നത്. സുപ്രധാന പദവിയിലിരിക്കുന്ന ആളുകളെക്കുറിച്ചുള്ള ആരോപണങ്ങളിൽ, ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തരത്തിൽ വേണം അന്വേഷണം. അത് ഇടതുമുന്നണിയിൽ നിന്നും തന്നെ അഭിപ്രായം ഉയർന്ന കാര്യങ്ങളാണ്. രാഷ്ട്രീയമായും പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളവും വളരെ പ്രാധാന്യം അർഹിക്കുന്ന വിഷയമാണ്. അതിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഭരണകക്ഷി എംഎൽഎ, ഒരു മുൻമന്ത്രി അടക്കമുള്ളവർ ഉന്നയിച്ച ആരോപണങ്ങളെ വളരെ ഗൗരവമായിട്ടാണ് കാണുന്നത്. പൂരം കലക്കി, പൊലീസിനെ ഉപയോഗിച്ച് ക്രിമിനൽ ആക്ടിവിറ്റി ഒരുപാട് നടത്തി, കേരളത്തെ സംബന്ധിച്ചിടത്തോളം ജനങ്ങൾക്ക് സംരക്ഷണം കൊടുക്കേണ്ട പൊലീസിനെപ്പറ്റിയുള്ള ഇത്തരം ആരോപണങ്ങളിൽ സംശുദ്ധമായ അന്വേഷണം നടക്കണം. അന്വേഷണം നടന്നില്ലെങ്കിൽ യുഡിഎഫ് പ്രക്ഷോഭം ആരംഭിക്കും. ആ ക്യാംപെയ്ൻ ഇടതുമുന്നണിക്ക് വളരെ പ്രശ്നമുണ്ടാക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. മലപ്പുറത്തെ പൊലീസ് കുറച്ചു കാലത്തെ മൊത്തം പ്രവർത്തനങ്ങൾ മൊത്തം ദുരൂഹമാണ്. ചെറിയ വീഴ്ചയല്ല ഉണ്ടായിട്ടുള്ളത്. കസ്റ്റംസിന്റെ പുറത്തേക്ക് കിട്ടുന്ന സ്വർണം പൊലീസ് കൈകാര്യം ചെയ്ത ഒരു കേസാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ അനേകം കേസുകളാണ് നാട്ടുകാർ ചർച്ച ചെയ്യുന്നത്. ആ കാലഘട്ടത്തിൽ നടന്ന പൊലീസ് ആക്ടിവിറ്റീസ് പുറത്തു വരിക തന്നെ വേണം. അക്കാലത്താണ് ഒരാളെ തല്ലിക്കൊന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

By admin