മലപ്പുറത്തെ കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സ് ജീവനൊടുക്കിയത് ജനറല്‍ മാനേജറുടെ മാനസിക പീഡനം മൂലമെന്ന് ആരോപണം. കോതമംഗലം സ്വദേശി 20 കാരിയായ അമീനയാണ് ജീവനൊടുക്കിയത്. ആശുപത്രി ജനറല്‍ മാനേജറായ അബ്ദുല്‍ റഹ്മാനെതിരെയാണ് പരാതി.
ഇയാള്‍ക്കെതിരെ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരും മുമ്പ് ചെയ്തവരും ഉള്‍പ്പെടെ 10 ഓളം പേര്‍ കുറ്റിപ്പുറം പോലീസിന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. മുമ്പും നിരവധി പേര്‍ക്ക് ഇയാളുടെ മാനസിക പീഡനം നേരിട്ടതായും പലര്‍ക്കും ജോലി അവസാനിപ്പിച്ച് പോകേണ്ടിവന്നിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.
കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിലെ ഹോസ്റ്റലില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് നേഴ്‌സായ അമീനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഗുളികകള്‍ കഴിച്ച് അബോധവസ്ഥയിലായ അമീനയെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു. ആശുപത്രി ജനറല്‍ മാനേജരായ അബ്ദുല്‍ റഹ്മാന്റെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കൂടെ ജോലിചെയ്തവരുടെ ആരോപണം. പരാതി ഉയര്‍ന്നതോടെ അബ്ദുല്‍ റഹ്മാനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടുവെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.