
മലപ്പുറം: കണ്ണമംഗലം പഞ്ചായത്തില്‍ രണ്ടു വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. 60, 70 വയസുകളുള്ള സ്ത്രീകള്‍ക്കാണ് രോഗം. ഇതില്‍ ഒരാള്‍ സുഖംപ്രാപിച്ച് വീട്ടില്‍ വിശ്രമത്തിലും മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുമാണ്.
17, 21 വാര്‍ഡുകളിലാണ് മസ്തിഷ്‌കജ്വര ബാധ റിപ്പോര്‍ട്ട് ചെയ്തത്.ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ പഞ്ചായത്ത് ഭരണ സമിതിയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ഈ വീടിന്റെ അര കിലോമീറ്റര്‍ ചുറ്റളവില്‍ പനി സര്‍വേ നടത്തിയിരുന്നു.
കൊതുകിലൂടെ പകരുന്ന രോഗമായതിനാല്‍ കൊതുകിന്റെ പ്രജനന കേന്ദ്രങ്ങള്‍ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തി.കക്കൂസ് സ്ലാബിന് വിടവുകള്‍ ഇല്ലെന്ന് ഉറപ്പാക്കാനും ഗ്യാസ് പൈപ്പില്‍ നെറ്റ് സ്ഥാപിക്കാനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.പ്രദേശത്തെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിച്ചു.
ജില്ല വെക്റ്റര്‍ കണ്‍ട്രോള്‍ യൂണിറ്റും എന്‍ഡമോളജിസ്റ്റും നടത്തിയ പരിശോധനയില്‍ പ്രദേശത്ത് രോഗാണുക്കളെ വഹിക്കുന്ന കൊതുകുകളുള്ളതായി കണ്ടെത്തി.