കോഴിക്കോട്: വിവാഹ ദിവസം വരന്റെ സുഹൃത്തുക്കള്‍ ആഡംബര കാറുകളില്‍ അപകട യാത്ര നടത്തിയതില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനം ഓടിച്ചിരുന്ന ദിനു അദ്നാന്‍, ജല്‍വ ജലീല്‍, റഹിം നിസാബ്, ഇജ്ലാല്‍ റോഷന്‍ എന്നിവരുടെ ഡ്രൈവിംഗ് ലൈസന്‍സ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. കാറുകളുടെ രജിസ്ട്രേഷന്‍ താല്‍ക്കാലികമായി റദ്ദാക്കി. നാല് പേരോടും എടപ്പാളില്‍ നടക്കുന്ന റോഡ് സുരക്ഷാ ക്ലാസില്‍ പങ്കെടുക്കാനും ഒരു മാസം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സാമൂഹ്യസേവനം നടത്താനും നിര്‍ദേശിച്ചു.
പേരാമ്പ്ര മേപ്പയ്യൂര്‍ മഞ്ഞക്കുളത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് വിവാദത്തിനിടയായ വിവാഹം നടന്നത്. മഞ്ഞക്കുളം പുലപ്രോല്‍ ഷഫീഖിന്റെ വിവാഹത്തിന്റെ ഭാഗമായാണ് സുഹൃത്തുക്കള്‍ അപകടകരമാം വിധം റോഡിലൂടെ ആഡംബര കാറുകളില്‍ സഞ്ചരിച്ചത്.
കാറുകള്‍ക്ക് മുകളിലും ബോണറ്റിലും കയറി നിന്ന് ഡോര്‍ തുറന്നു പിടിച്ച് നിര്‍ത്താതെ ഹോണ്‍ മുഴക്കിയായിരുന്നു ഇവരുടെ യാത്ര.ഇതുവഴി വന്ന മറ്റുവാഹനങ്ങളെ കടന്നുപോകാന്‍ അനുവദിച്ചുമില്ല. റീല്‍സ് ചിത്രീകരണത്തിനായി രൂപമാറ്റം വരുത്തിയ കറുത്ത കാറുകളാണ് ഉപയോഗിച്ചത്. ഒമ്പത് കാറുകളില്‍ നാലെണ്ണം അധികൃതര്‍ കസ്റ്റഡിയിലെടുത്തു.