• Sun. May 3rd, 2026

24×7 Live News

Apdin News

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

Byadmin

May 3, 2026


തിരുവനന്തപുരം: പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജില്‍ ജീവനൊടുക്കിയ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍രാജിന്റെ പിതാവ് രാജന്‍. ഡോ. എം കെ റാമിനെ പിടികൂടാന്‍ പൊലീസ് ശ്രമിക്കുന്നില്ലെന്ന് പറഞ്ഞ രാജന്‍ ഡോ സംഗീത നമ്പ്യാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചത് ഊഷ്മള സ്വീകരണമാണെന്നും കുറ്റപ്പെടുത്തി.

പ്രതികള്‍ സാമ്പത്തികവും രാഷ്‌ട്രീയവും ഉപയോഗിച്ച് പൊലീസുമായിട്ട് ഒത്തുകളിക്കുകയാണ്. ഓരോ കേസുകളിലും പൊലീസ് അവരുടെ വിന്യാസങ്ങള്‍ ഉപയോഗിച്ച് ഓരോ പ്രതികളെയും പിടിക്കുന്നുണ്ട് .എന്നാല്‍ എന്തുകൊണ്ടാണ് തന്റെ മകനെ കൊലപ്പെടുത്തിയ ഡോ റാമിനെ ഇതുവരെ പിടികൂടാത്തതെന്ന് നിതിന്‍ രാജിന്റെ അച്ഛന്‍ ചോദിച്ചു.

കേസുമായി ബന്ധപ്പെട്ട രേഖകളും ദൃശ്യങ്ങളും കൈമാറുന്നില്ല.ഇത്മൂലം കോടതിയെ സമീപിക്കാന്‍ പറ്റുന്നില്ല.പ്രിന്‍സിപ്പലിന്റെ മുറിയിലെ ദൃശ്യങ്ങള്‍ മാത്രമാണ് തന്നെ കാണിച്ചത്.ആറുദിവസമായി താന്‍ ഡിഐജി , കമ്മീഷണര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നു. മകന് നീതിയല്ല അനീതിയാണ് ലഭിക്കുന്നതെന്നും നിതിന്‍ രാജിന്റെ അച്ഛന്‍ കുറ്റപ്പെടുത്തി.

പൊലീസ് അന്വേഷണത്തിലെ അതൃപ്തി കുടുംബം പറഞ്ഞതിന് പിന്നാലെ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ക്കെതിരെയുള്ള കേസും ക്രൈം ബ്രാഞ്ച് അന്വേഷിക്കും.ലോണ്‍ ആപ്പ് നടത്തിപ്പുകാരായ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഏപ്രില്‍ 10നായിരുന്നു നിതിന്‍ രാജ് കോളജ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്.



By admin