തിരുവനന്തപുരം : മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ.സി. ഡാനിയേലിന്റെ വെങ്കല പ്രതിമ നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. അച്ഛന്റെ രൂപം കണ്ട് മകൻ ഹാരിസ് ഡാനിയേലിന് സംതൃപ്തി. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സ്ഥാപിക്കുന്നതിനായാണ് പ്രതിമ നിർമിക്കുന്നത്.
ആദ്യത്തെ നിശബ്ദ സിനിമയായ വിഗതകുമാരൻ നിർമിക്കുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തത് ജെ.സി. ഡാനിയേലാണ്. ചലച്ചിത്ര വികസന കോർപ്പറേഷനാണ് പ്രതിമ നിർമാണത്തിന്റെ ചെലവ് വഹിക്കുന്നത്. കുന്നുവിള മുരളിയാണ് ശില്പി. നാല് മാസം കൊണ്ടാണ് പത്തടി പൊക്കമുള്ള ശില്പത്തിന്റെ ആദ്യഘട്ടം കളിമണ്ണിൽ പൂർത്തിയാക്കിയത്.
ആലപ്പുഴയിലെ തകഴിയുടെ പതിമ, തൃശൂർ ടൗൺഹാളിലെ കെ. കരുണാകരന്റെ പ്രതിമ, ശക്തൻ തമ്പുരാൻ, മണ്ണടി വേലുതമ്പി ദളവ, നിയമസഭയിലെ കെ.ആർ. നാരായണന്റെ പ്രതിമ തുടങ്ങിയവയുടെ ശില്പിയാണ് കുന്നുവിള മുരളി. ഒരു വർഷത്തോളം ജെ.സി. ഡാനിയേലിന്റെ ചിത്രങ്ങൾ കണ്ടാണ് ശില്പി പ്രതിമ നിർമാണം തുടങ്ങിയത്. ഏഴ് ഭാഗങ്ങൾ യോജിപ്പിച്ച് മെഴുക്, വെങ്കലം തുടങ്ങിയവ ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കുക.