Malaകുന്നത്തുനാട് മലയിടംതുരുത്ത് പാരിയത്തുകാവ് കോളനിയില്‍ ശനിയാഴ്ച കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍. കോളനിയിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പം തന്നെയാണ് സര്‍ക്കാരെന്നും വിഷയത്തില്‍ തിങ്കളാഴ്ച നേരിട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രി റോജി എം. ജോണ്‍, കുന്നത്തുനാട് എംഎല്‍എ വി.പി. സജീന്ദ്രന്‍, ജില്ലാ കളക്ടര്‍, റൂറല്‍ എസ്പി എന്നിവരുടെ സാന്നിധ്യത്തില്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങളുമായി നടത്തിയ പ്രത്യേക ചര്‍ച്ചയ്‌ക്ക് ശേഷമാണ് പ്രഖ്യാപനം. കേസ് നടത്തിപ്പില്‍ നേരത്തേ ചില വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.സര്‍ക്കാര്‍ നേരിട്ട് ഹൈക്കോടതിയില്‍ ഇടപെട്ട് ജനങ്ങള്‍ക്ക് അനുകൂലമായ വിധി സമ്പാദിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ഉറപ്പുനല്‍കി. കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കില്‍, ഈ കുടുംബങ്ങളെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കുമെന്നും ഒരു കുടുംബവും പെരുവഴിയിലാകില്ലെന്നും മന്ത്രി അറിയിച്ചു.
ശനിയാഴ്ച ഒഴിപ്പിക്കലിനായി പൊലീസ് നീക്കം ഉണ്ടാകില്ലെന്ന് റൂറല്‍ എസ്പിയുടെ സാന്നിധ്യത്തില്‍ മന്ത്രി ഉറപ്പുനല്‍കി. നിലവിലെ കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവില്‍ ഇറക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് കുന്നത്തുനാട് എംഎല്‍എ വി.പി. സജീന്ദ്രന്‍ ആരോപിച്ചു.
മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തരാണെന്ന് കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.