• Fri. May 1st, 2026

24×7 Live News

Apdin News

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

Byadmin

May 1, 2026



തിരുവനന്തപുരം കടയ്‌ക്കാവൂരിനടുത്ത് മഹാകവി കുമാരനാശാന്‍ പിറന്നുവീണ കയിക്കരയിലെ തറവാടിരുന്ന സ്ഥലത്ത് മീന്‍ ചന്ത തുടങ്ങുന്നു എന്ന വാര്‍ത്ത സാംസ്‌കാരിക കേരളത്തിന് കടുത്ത അപമാനമാണ്. ഭാരതീയ സംസ്‌കാരത്തിന്റെ ഉജ്ജ്വല വക്താവും, സാമൂഹ്യ പരിവര്‍ത്തനത്തിന്റെ മുന്നണി പോരാളിയുമായിരുന്ന കുമാരനാശാന്‍ പിറന്നുവീണ മണ്ണില്‍ ആ മഹാപുരുഷന്റെ ഓര്‍മ്മകളെ അവഹേളിക്കുന്ന വിധത്തില്‍ സംഘടിത മതശക്തികള്‍ പെരുമാറുന്നത് അങ്ങേയറ്റം അപലപനീയമാണ്. ആധുനിക കേരളത്തിന്റെ സൃഷ്ടിക്കുവേണ്ടി എഴുത്തിലൂടെയും പ്രവൃത്തിയിലൂടെയും പോരാടിയ മഹാത്മാവിന്റെ ആത്മാവ് ഈ നന്ദികേട് കണ്ട് വേദനിക്കാതിരിക്കില്ല. മതിയായ രേഖകളില്ലാതെ സ്ഥലം കൈവശപ്പെടുത്തിയ ഒരു പള്ളി അധികൃതരാണ് പ്രബുദ്ധ കേരളത്തിന്റെ മുഖത്ത് കരിവാരി തേയ്‌ക്കുന്ന പ്രവൃത്തി ചെയ്യുന്നത്.

പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെയാണ് മഹാകവിയുടെ തറവാടിരുന്ന ഭൂമി ക്രൈസ്തവ പള്ളി അധികൃതര്‍ കയ്യടക്കിയിരിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കടല്‍ത്തീരത്തു നിന്ന് ഇവിടേക്ക് മീനെത്തിച്ച് വില്‍പ്പന നടത്താനാണ് ശ്രമം. ഇതിനു വേണ്ടിയുള്ള കെട്ടിട നിര്‍മാണത്തിനു പഞ്ചായത്ത് അധികൃതര്‍ നിയമവിരുദ്ധമായി അനുമതി നല്‍കിയെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.അനധികൃത മത്സ്യമാര്‍ക്കറ്റിനെതിരെ നാട്ടുകാര്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ല.

കുമാരനാശാന്റെ തറവാടിരുന്ന സ്ഥലം ഇപ്പോള്‍ പള്ളിപ്പറമ്പ് എന്ന പേരിലാണത്രേ അറിയപ്പെടുന്നത്. മഹാകവിയുടെ ഇളയമ്മയാണ് അവസാനമായി ഇവിടെ താമസിച്ചിരുന്നത്. ഇവരെ ബന്ധുക്കള്‍ കൂട്ടിക്കൊണ്ടു പോയശേഷം ഈ സ്ഥലം ചിലര്‍ കയ്യേറുകയായിരുന്നുവത്രേ.

ഈഴവര്‍ മതം മാറി ക്രൈസ്തവരാകണമെന്ന് സി. വി.കുഞ്ഞിരാമനും സി. കേശവനുമൊക്കെ ആവശ്യപ്പെട്ടിരുന്ന കാലത്ത് സനാതനധര്‍മത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് ‘മതപരിവര്‍ത്തന രസ വാദം’ എഴുതി മതപരിവര്‍ത്തനത്തെ പ്രതിരോധിച്ചയാളാണ് കുമാരനാശാന്‍. ഹിന്ദുക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ 1921ലെ മാപ്പിള ലഹളക്കെതിരെ ദുരവസ്ഥ എന്ന കാവ്യത്തിലൂടെ ധീരമായി പോരാടിയ ചരിത്രവും കുമാരനാശാനുണ്ട്. ഈ രണ്ട് കാര്യങ്ങളിലും ശ്രീനാരായണ ഗുരുദേവന്റെ പിന്തുണ ആശാനുണ്ടായിരുന്നു. ഇക്കാരണത്താല്‍ സംഘടിത മതശക്തികള്‍ മഹാകവിക്കെതിരെ രംഗത്തുവന്നിരുന്നു. ഇവരുടെ പിന്മുറക്കാരാണ് ഇപ്പോള്‍ അശാന്‍ പിറന്നുവീണ മണ്ണും പിടിച്ചെടുത്തിരിക്കുന്നത്.

ഇത് ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. തിരുവനന്തപുരം നന്തന്‍കോട് റോഡിലുള്ള എസ്ഡിപി യോഗത്തിന്റെ സ്ഥാപകനായിരുന്ന ഡോക്ടര്‍ പല്പുവിന്റെ സ്മൃതി കുടീരം അവഗണിക്കപ്പെട്ട നിലയിലാണ്.

ചെമ്പഴന്തിയില്‍ ശ്രീ നാരായണ ഗുരുദേവന്‍ അക്ഷരാഭ്യാസം തുടങ്ങിയ കളരിയും വിസ്മൃതിയിലാണ്. ഇതിനു പിന്നാലെയാണ് എസ്എന്‍ഡിപി യോഗത്തിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന കുമാരനാശാന്റെ തറവാടു കയ്യേറി മീന്‍ ചന്ത സ്ഥാപിക്കുന്നത്. ഇതിനൊക്കെ വഴിയൊരുക്കുന്നതില്‍ ഗുരുദേവനെ ബൂര്‍ഷ്വാ പരിഷ്‌കരണ വാദിയായി ചിത്രീകരിച്ച് കുരിശില്‍ തറച്ച വര്‍ഗസമരക്കാരുടെ പങ്ക് വളരെ വലുതാണ്.
ഇതിനെതിരെ പ്രതികരിക്കാനുള്ള ഉത്തരവാദിത്വം സാംസ്‌കാരിക നായകന്മാര്‍ക്കും ഇപ്പോഴത്തെ എസ്എന്‍ഡിപി യോഗ നേതൃത്വത്തിനും ഹിന്ദു സംഘടനകള്‍ക്കുമുണ്ട്.

By admin