
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റില്‍ നടന്ന ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത പരാജയമാണ് ഇടതുമുന്നണിക്കുണ്ടായത്.
ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കി മുന്നോട്ടുപോയ സംസ്ഥാന സര്‍ക്കാരിന് തുടര്‍ഭരണം പ്രതീക്ഷിച്ചതാണ്.ഇത് സാധ്യമാകാത്തതിന് കാരണം വിശദമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തു. പോരായ്‌മകളെ സംബന്ധിച്ച് വിമര്‍ശനപരവും, സ്വയം വിമര്‍ശനപരവുമായ ചര്‍ച്ചകള്‍ സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടായി.
ഏതെങ്കിലും വ്യക്തികളെ കുറ്റപ്പെടുത്തി ചര്‍ച്ചകളായിരുന്നില്ല ഉയര്‍ന്നത്. വന്ന പോരായ്‌മകള്‍ പാര്‍ട്ടിയിലുടനീളം പരിശോധിച്ച് ആവശ്യമായ തിരുത്തല്‍ വരുത്താന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ഏകകണ്ഠമായി തീരുമാനിച്ചു. ശരിയായ പരിശോധന നടത്തി മുന്നോട്ടുപോയാല്‍ ഈ പരാജയത്തെ അതിജീവിക്കാന്‍ കഴിയുമെന്നും വിലയിരുത്തലുണ്ടായി.
ഇത്തരം തീരുമാനങ്ങളെ ഇകഴ്‌ത്തിക്കാണിക്കാനും പാര്‍ട്ടിക്കകത്ത് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് ചില മാധ്യമങ്ങള്‍ നടത്തുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.