കൊച്ചി: മാസപ്പടിക്കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കും സിഎംആര്‍എല്‍ ജോയിന്റ് ഡയറക്ടര്‍ ശരണ്‍ എസ്. കര്‍ത്തയ്‌ക്കുമെതിരേയുള്ള നടപടികള്‍ ഇ ഡി ശക്തമാക്കി. ഇരുവര്‍ക്കും ഉടന്‍ സമന്‍സ് നല്കിയേക്കുമെന്നാണ് സൂചന. ഇന്നലെ കൊച്ചിയില്‍ ഇ ഡി ഡയറക്ടര്‍ രാഹുല്‍ നവീന്റെ അധ്യക്ഷതയിലെ യോഗം അന്വേഷണ പുരോഗതി വിലയിരുത്തി. അന്വേഷണം തൃപ്തികരമാണ്. തുടര്‍ നടപടികള്‍ വേഗത്തിലാക്കും. പഴുതടച്ച അന്വേഷണം വേണമെന്നും രാഹുല്‍ നവീന്‍ നിര്‍ദേശിച്ചു.
ഇ ഡി അന്വേഷണം തുടരാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും അനുവദിച്ചതോടെയാണ് തുടര്‍ നടപടികള്‍ ശക്തമാക്കുന്നത്. പ്രതികളുടെ ജാമ്യാപേക്ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷകളും പരിഗണിക്കുമ്പോള്‍ ഇ ഡി അഭിഭാഷകരും കോടതിയില്‍ ഹാജരായി പ്രതികളുടെ ജാമ്യനീക്കങ്ങളെ ശക്തമായി എതിര്‍ക്കും. ഇ ഡി റെയ്ഡിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗൗരവകരമാണെന്ന് വിലയിരുത്തിയ ഇ ഡി ഡയറക്ടര്‍ നിയമ നടപടികളുമായി പോകാനും നിര്‍ദേശിച്ചു.
ബംഗാള്‍ സന്ദേശ്ഖാലിയില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ക്കു നേര്‍ക്കുണ്ടായ ആക്രമണത്തോടാണ് തിരുവനന്തപുരത്തെ ആക്രമണത്തെയും യോഗത്തില്‍ ഉദ്യോഗസ്ഥര്‍ താരതമ്യപ്പെടുത്തിയത്. റേഷന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് 2024 ജനുവരിയിലെത്തിയ ഇ ഡി സംഘത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവു ഷാജഹാന്‍ ഷെയ്ഖിന്റെ അനുയായികള്‍ ആക്രമിച്ചിരുന്നു.
കേസിലെ നിര്‍ണായക വ്യക്തികളെ ചോദ്യം ചെയ്യുന്നതിനും കൂടുതല്‍ ഡിജിറ്റല്‍, സാമ്പത്തിക തെളിവുകള്‍ ശേഖരിക്കുന്നതിനും അന്വേഷണ സംഘങ്ങള്‍ക്ക് യോഗം കൃത്യമായ നിര്‍ദേശം നല്കിയിട്ടുണ്ട്.
എന്നാല്‍ ഈ കേസില്‍ സിഎംആര്‍എല്ലും ടി. വീണയും മാത്രമല്ല ലക്ഷ്യമെന്നും കൂടുതല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വരവ് ഇതിനോടകമുണ്ടായേക്കാമെന്നുമാണ് പുറത്തുവരുന്നത്. അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ ഇ ഡി മേധാവി വ്യാഴാഴ്ചയാണ് കൊച്ചിയിലെത്തിയത്. ഇ ഡി ഉദ്യോഗസ്ഥരും അഭിഭാഷകരും യോഗത്തില്‍ പങ്കെടുത്തു.