• Mon. Sep 21st, 2026

24×7 Live News

Apdin News

മാസപ്പടി കേസ്: കൈക്കൂലി വാങ്ങിയതിന് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിയമോപദേശം

Byadmin

Sep 21, 2026


കൊച്ചി: മാസപ്പടി വിവാദ കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കൈക്കൂലി വാങ്ങിയതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് നിയമോപദേശം. വീണാ വിജയന്റെ കമ്പനിക്ക് ലഭിച്ച പണം പിണറായി വിജയന് വേണ്ടിയുള്ളതാണെന്ന് അനുമാനിക്കാമെന്നും, കൈക്കൂലി വാങ്ങിയതിനും അനധികൃത സ്വത്ത് സമ്പാദനത്തിനും ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താമെന്നുമാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

ഇതുസംബന്ധിച്ച നിയമോപദേശത്തിന്റെ പൂർണ്ണ വിവരങ്ങൾ പുറത്തുവന്നു. അതേസമയം, കേസിൽ ഇ.ഡി നൽകിയ കത്തിൽ സർക്കാർ ഇന്ന് നിർണ്ണായക തീരുമാനം എടുത്തേക്കും.

അഴിമതി നിരോധന നിയമപ്രകാരവും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന വകുപ്പുകൾ പ്രകാരവും പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണവുമായി മുന്നോട്ട് പോകാം എന്നാണ് നിയമോപദേശത്തിൽ വ്യക്തമാക്കുന്നത്. വീണാ വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിയമപരമായി തടസ്സമില്ല.

ഒരു പൊതുപ്രവർത്തകൻ നേരിട്ടോ മൂന്നാം കക്ഷി വഴി പണം കൈപ്പറ്റിയാലും അത് കുറ്റകരമാണ്. പിണറായി വിജയൻ കൈക്കൂലി വാങ്ങിയത് ഇത്തരത്തിൽ മൂന്നാം കക്ഷി വഴിയാണെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു. കൈക്കൂലി നൽകിയതിനും അത് വാങ്ങിയതിനും, ആര് കൊടുത്തു എന്നതിനും വ്യക്തമായ തെളിവുകളുണ്ട്. ഖനന ഉടമയായ ശശിധരൻ കർത്തായുടെ മൊഴിയാണ് ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നത്.

സേവനങ്ങളൊന്നും നൽകാതെയാണ് എക്സാലോജിക്കിന് പണം നൽകിയതെന്നും, ഈ തുക പിണറായി വിജയനുള്ള കൈക്കൂലിയായി ഉദ്യോഗസ്ഥർ അനുമാനിക്കണമെന്നും നിയമോപദേശത്തിലുണ്ട്. ഈ പണം നിയമാനുസൃതം ആർജിച്ചതാണെന്ന് വീണാ വിജയന് ഇതുവരെ തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ആദായനികുതി വകുപ്പ് ഈ തട്ടിപ്പ് കണ്ടെത്തിയിട്ടുള്ളതാണെങ്കിലും, കോടതിയിൽ പിണറായി വിജയനോ വീണയോ ഇത് ചോദ്യം ചെയ്തിട്ടില്ല.

ഇടപാടിലെ ‘പ്രൊമിനന്റ് പേഴ്സൺ’ (പ്രമുഖ വ്യക്തി) പിണറായി വിജയൻ തന്നെയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) വ്യക്തമാക്കിയിട്ടുണ്ട്. അഴിമതി നിരോധന നിയമത്തിൽ 2018-ൽ വരുത്തിയ ഭേദഗതിക്ക് മുൻപും ശേഷവും പണമിടപാടുകൾ നടന്നിട്ടുണ്ട്. അതിനാൽ ഭേദഗതിക്ക് മുൻപുള്ളയും ശേഷമുള്ളയും നിയമവകുപ്പുകൾ പ്രകാരം കേസിൽ അന്വേഷണം നടത്താമെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നു.







By admin