• Wed. Jun 17th, 2026

24×7 Live News

Apdin News

മാസപ്പടി മാഫിയയുടെ കോട്ട തകരുന്നു; നിയമം അതിന്റെ വഴിക്ക്: കുമ്മനം രാജശേഖരൻ

Byadmin

Jun 17, 2026


തിരുവനന്തപുരം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഒടുവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ED) മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായതോടെ മാസപ്പടി മാഫിയയുടെ കോട്ട തകരുകയാണെന്ന് ബി.ജെ.പി ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ പ്രസ്താവനയിൽ പറഞ്ഞു.

സിഎംആർഎൽ (CMRL) എന്ന സ്വകാര്യ കരിമണൽ കമ്പനിയിൽ നിന്ന് യാതൊരുവിധ സേവനങ്ങളും നൽകാതെ കോടികൾ കൈപ്പറ്റിയെന്ന ആദായനികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണം നടക്കുന്നത്. അന്വേഷണ പ്രഖ്യാപനമുണ്ടായ ഘട്ടത്തിൽ ഇതിനെ രാഷ്‌ട്രീയ പ്രേരിതമെന്ന് പറഞ്ഞ് തള്ളിക്കളയാനും ജനശ്രദ്ധ തിരിക്കാനുമാണ് സി.പി.എം നേതൃത്വം ശ്രമിച്ചത്. എന്നാൽ കൃത്യമായ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ നിയമം അതിന്റെ വഴിക്ക് നീങ്ങുമ്പോൾ, പാർട്ടിക്ക് ഇപ്പോൾ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കാൻ പോലുമാകാത്ത നിസ്സഹായാവസ്ഥയാണ് സംജാതമായിരിക്കുന്നത്.

സ്വകാര്യ കമ്പനികളും ഭരണാധികാരികളുടെ കുടുംബാംഗങ്ങളും തമ്മിലുള്ള ഇത്തരം വഴിവിട്ട സാമ്പത്തിക ഇടപാടുകൾ ജനാധിപത്യ വ്യവസ്ഥയ്‌ക്ക് ഒട്ടും നിരക്കാത്തതാണ്. കേന്ദ്ര ഏജൻസികളുടെ സുതാര്യവും ശക്തവുമായ ഈ നീക്കം, സാധാരണക്കാരന്റെ പണം കൊള്ളയടിക്കുന്ന കൺസൾട്ടൻസി-മാസപ്പടി മാഫിയകൾക്കുള്ള ശക്തമായ നിയമപരമായ താക്കീതാണ്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി നിയമം മുന്നോട്ട് പോകുമെന്ന യാഥാർത്ഥ്യമാണ് ഈ നടപടിയിലൂടെ വീണ്ടും തെളിയുന്നതെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.



By admin