ന്യൂഡൽഹി: ട്രെയിനുകളിൽ അടുത്തിടെയുണ്ടായ തീപിടുത്തവും പുകയും സംബന്ധിച്ച സംഭവങ്ങൾ ആസൂത്രിതമെന്ന് റെയിൽവേ അധികൃതർ . എല്ലാ കേസുകളും ഗൗരവമായി അന്വേഷിക്കാൻ റെയിൽവേ സംരക്ഷണ സേനയ്‌ക്കും (ആർപിഎഫ്) മറ്റ് ഏജൻസികൾക്കും റെയിൽവേ ഭരണകൂടം നിർദ്ദേശം നൽകി.
ഹൗറ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന മിഥില എക്സ്പ്രസിനാണ് ഇന്ന് തീ പിടിച്ചത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടെ, പെട്രോളിൽ മുക്കിയ ഭാഗികമായി കത്തിയ തുണി കോച്ചിൽ നിന്ന് കണ്ടെടുത്തു. ഇതോടെ സംശയം കൂടുതൽ ബലപ്പെടുകയാണ്.
അടുത്തിടെ, അമർപുര സ്റ്റേഷന് സമീപം ഇൻഡോർ-ജോധ്പൂർ എക്സ്പ്രസിന്റെ (14802) ബി 1 കോച്ചിൽ പുക ഉയർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു . റെയിൽവേ ജീവനക്കാർക്ക് സമയബന്ധിതമായി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി.
പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ-ഗയാജി റെയിൽവേ ലൈനിലെ സസാരം റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച തീപിടുത്തമുണ്ടായി. സസാരാമിൽ നിന്ന് ആറ വഴി പട്നയിലേക്ക് പോകുകയായിരുന്ന പാസഞ്ചർ ട്രെയിനിലാണ് പെട്ടെന്ന് തീപിടുത്തമുണ്ടായത്. പ്ലാറ്റ്‌ഫോമിലും ട്രെയിനിനുള്ളിലും യാത്രക്കാർ പരിഭ്രാന്തരായി. ഓടി രക്ഷപ്പെടാൻ തുടങ്ങി. തിങ്കളാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. പാസഞ്ചർ ട്രെയിനിന്റെ ഒരു ബോഗി പൂർണ്ണമായും കത്തിനശിച്ചു. തീപിടുത്തത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.
മുൻപ് ട്രാക്കിൽ തടികളും, ഇരുമ്പ് കമ്പികളും വച്ച് ട്രെയിൻ അട്ടിമറിയ്‌ക്കാൻ ശ്രമം നടന്നിരുന്നു. ലോക്കോ പൈലറ്റുമാരുടെ അതീവ ജാഗ്രതയിലാണ് വൻ അപകടങ്ങൾ ഒഴിവായത് .