
ന്യൂദല്‍ഹി: കേരള മുഖ്യമന്ത്രി ആരെന്ന് നാളെ പ്രഖ്യാപിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രാഹുൽ ഗാന്ധിയും ഖാർഗെയും ജയറാം രമേശും യോഗത്തിൽ പങ്കെടുത്തിരുന്നു.
ഘടക കക്ഷികളുമായി നേതാക്കൾ വീണ്ടും സംസാരിക്കുമെന്നാണ് സൂചന. കെ.സി. വേണുഗോപാൽ ഉടനെ രാഹുലിനെ കാണാൻ പോകുന്നില്ലെന്നാണ് അറിവ്. പ്രഖ്യാപനം നീണ്ടേക്കാമെന്നും വിവരമുണ്ട്. മുക്കാൽ മണിക്കൂറോളമാണ് രാഹുലും ഖർഗയേയും തമ്മിൽ ചർച്ച നടത്തിയത്.
മുഖ്യമന്ത്രി ആരെന്ന തീരുമാനമുണ്ടായാൽ കേന്ദ്ര നേതാക്കൾ ഇക്കാര്യം കെ.സി. വേണുഗോപാലിനെ ആദ്യം അറിയിക്കുമെന്നാണ് വിവരം. ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. വേണുഗോപാലുമായി സംസാരിച്ച ശേഷം വി.ഡി. സതീശനുമായും രമേശ് ചെന്നിത്തലയുമായും രാഹുൽ ഗാന്ധി സംസാരിക്കും. ഒറ്റപ്പേരുമായാണ് രാഹുൽ മല്ലികാർജുൻ ഖർഗെയുടെ വീട്ടിലേക്ക് എത്തിയതെന്നും സൂചനയുണ്ട്.
അതേ സമയം, തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിമാനത്തിൽ ദീപാദാസ് മുൻഷി ഇല്ലെന്നാണ് വിവരം. നിലവിൽ ദീപാദാസ് മുൻഷിയുടെ ഫോൺ സ്വിച്ച് ഓഫാണ്. കേരളത്തിൽ ഉരുത്തിരിഞ്ഞ പ്രതിഷേധങ്ങൾ അടക്കം തണുപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം നീളുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്നു നേതാക്കളേയും ഉൾക്കൊണ്ടുള്ള ഫോർമുലയാകും ഹൈക്കമാൻഡ് അവതരിപ്പിക്കുക എന്നാണ് വിവരം. പ്രഖ്യാപനം എത്രയും വേഗം നടത്തുന്നതാണ് നല്ലതെന്നും ഇനിയും വൈകിപ്പിക്കരുതെന്നും ദൽഹിയിൽ നിന്ന് തിരിക്കും മുൻപ് മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ പറഞ്ഞു.