ന്യൂദല്‍ഹി:കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച 10ാം നാള്‍ കഴിയുന്നതോടെ കൂടുതല്‍ പ്രതിസന്ധിയിലേക്ക്. ഹൈക്കമാന്‍ഡ് പോലും മുസ്ലിംലീഗിനെ പേടിച്ച് ഇതില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ്. കെ.സി. വേണുഗോപാലാണ് ഹൈക്കമാന്‍റിന്റെയും രാഹുലിന്റെയും പ്രിയങ്കയുടെയും ചോയ്സെങ്കിലും അത് പുറത്തുപറയാനാകാതെ വീര്‍പ്പുമുട്ടുകയാണ് കോണ്‍ഗ്രസിലെ ദല്‍ഹി നേതൃത്വം. ഇതിന് കാരണം മറ്റൊന്നുമില്ല, ലീഗിന്റെ ഭാഗത്തു നിന്നുള്ള സമ്മര്‍ദ്ദം തന്നെ.
ലീഗിന്റെ സമ്മര്‍ദ്ദത്തിന് ഒരു കാരണവശാലും വഴങ്ങരുതെന്ന നിബന്ധന കോണ്‍ഗ്രസിനുണ്ടെങ്കിലും അതിന് കഴിയാത്ത വിധം ലീഗ് പുതിയൊരു ഭീഷണി ഉയര്‍ത്തിയതാണ് ഗാന്ധി കുടുംബത്തെ വെട്ടിലാക്കിയത്. അത് വയനാടിനെ മറ്റൊരു അമേഠിയാക്കുമെന്ന ഭീഷണി തന്നെയാണ്. 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ബിജെപിയുടെ സ്മൃതി ഇറാനി തോല്‍പിച്ചതുപോലെ വയനാട്ടില്‍ പ്രിയങ്കയെ തോല്‍പിക്കുമെന്ന ഭീഷണിയാണ് ലീഗ് ഉയര്‍ത്തിയിരിക്കുന്നത്. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിര‍്ദേശിച്ചാല്‍ പ്രിയങ്കയെ തോല്‍പിക്കുമെന്നതാണ് ഭീഷണി. ഇതോടെയാണ് കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായത്.
ഇപ്പോള്‍ സോണിയ രോഗബാധയാണെന്ന കാരണം കാട്ടി ദല്‍ഹി ഗുരുഗ്രാമിലെ മെഡന്‍റ് ഹോസ്പിറ്റലില്‍ കഴിയുകയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് സമയം നീട്ടിക്കിട്ടുന്നതിനാണ് ഇങ്ങിനെയൊരു നാടകം എന്ന് കരുതുന്നു. ഏറ്റവുമൊടുവില്‍ കേന്ദ്രനിരീക്ഷയായ കോണഗ്രസ് നേതാവ് ദീപാ ദാസ് മുന്‍ഷി കേരളത്തിലേക്ക് തിരിച്ചതായി അറിയുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം വിളിച്ച് ചേര്‍ത്ത് വീണ്ടും എംഎല്‍എമാരുടെ മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള അഭിപ്രായം ഒരു വട്ടംകൂടി ആരായാനാണ് നീക്കമെന്നറിയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്തിമതീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്നാണ് അറിയുന്നത്. ഇത് സതീശനെ ഒഴിവാക്കാനുള്ള ഹൈക്കമാന്‍റ് തന്ത്രമായി വിലയിരുത്തപ്പെടുന്നു.
ദിവസം വൈകുന്തോറും അണികള്‍ മൂന്ന് നേതാക്കളുടെ ഭാഗത്ത് നിലയുറപ്പിച്ച് തമ്മിലടിക്കുന്നതോടെ ഇത് രമേശ് ചെന്നിത്തലയ്‌ക്കും കെ.സി. വേണുഗോപാലിനും വി.ഡി. സതീശനും വലിയ ഈഗോപ്രശ്നമായി മാറുകയാണ്. ഇനിയും വൈകിച്ചാല്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് പോകുമോ എന്നുപോലും ചില ഭയാശങ്കകള്‍ കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ഉയരാന്‍ തുടങ്ങിയിട്ടുണ്ട്.
അതിനിടെ കെസി പിന്‍മാറുമെന്നും സമവായത്തിന്റെ ഭാഗമായി രമേശ് ചെന്നിത്തല മുഖ്യമന്ത്രിയും സതീശനെ ആഭ്യന്തരമന്ത്രിയും ആക്കി പ്രശ്നം പരിഹരിക്കുമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. അതേ സമയം പിണറായിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണം പിടിക്കാന്‍ ഒരു നീക്കം നടക്കുന്നതായും ചില അഭ്യൂഹങ്ങള്‍ ഉയരുന്നു. ഏത് തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കും സാധ്യതയുള്ള ഒന്നായി കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് മാറിയിരിക്കുന്നു എന്നത് കോണ്‍ഗ്രസിന് വലിയ നാണക്കേടായിരിക്കുകയാണ്.