• Thu. Jul 17th, 2025

24×7 Live News

Apdin News

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി.പത്മരാജൻ അന്തരിച്ചു ; അന്ത്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍

Byadmin

Jul 17, 2025


കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും കെ.പി.സി.സി മുന്‍ പ്രസിഡന്റുമായ സി.വി പദ്മരാജന്‍ (93) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊല്ലത്തെ കോൺഗ്രസ് പാർട്ടിയുടെ അവസാന വാക്കായിരുന്നു അദ്ദേഹം .

1982-ല്‍ നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍തന്നെ കരുണാകരന്‍ മന്ത്രിസഭയില്‍ അംഗമായി. സാമൂഹികവികസനം, ഫിഷറീസ് വകുപ്പുകളുടെ ചുമതല വഹിച്ചു. കെ. കരുണാകരന്‍ വിദേശത്ത് ചികിത്സയ്ക്ക് പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചു.1994-ലെ എ.കെ.ആന്റണി മന്ത്രിസഭയില്‍ ധനം, കയര്‍, ദേവസ്വം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി. മിച്ച ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയാണ് .മന്ത്രിസ്ഥാനം രാജിവച്ചാണ് കെ.പി.സി.സി അധ്യക്ഷനായത്. സി.വി പദ്മരാജന്‍ പാര്‍ട്ടി അധ്യക്ഷനായിരുന്നപ്പോഴാണ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് സ്ഥലംവാങ്ങിയത്‌.

കൊല്ലം ജില്ലയിലെ പരവൂരില്‍ കെ.വേലു വൈദ്യന്റെയും തങ്കമ്മയുടെയും മകനായി 1931 ജൂലൈ 22 ന് ജനിച്ചു. കോട്ടപ്പുറം പ്രൈമറി സ്കൂൾ, എസ്.എൻ.വി സ്കൂൾ, കോട്ടപ്പുറം ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. ചങ്ങനാശേരി സെന്റ് ബെർക്മാൻസ് കോളജിൽ നിന്ന് ഇന്റർമീഡിയറ്റ്. തിരുവനന്തപുരം എം.ജി. കോളജിലെ ആദ്യബാച്ചിൽ ബിഎ പാസ്സായി. കോട്ടപ്പുറം സ്‌കൂളിൽത്തന്നെ 3 വർഷം അധ്യാപകനായി. എറണാകുളം ലോ കോളജിലും തിരുവനന്തപുരം ലോകോളജിലുമായിട്ടായിരുന്നു നിയമപഠനം.

അഖില തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്സിലൂടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് പൊതുപ്രവര്‍ത്തന രംഗത്തേക്ക് വന്നത്. ഇന്ദിരാ കോണ്‍ഗ്രസിലെ ഐയോട് ആദ്യം അടുപ്പമായിരുന്നുവെങ്കിലും പിന്നീട് ഏത് ഗ്രൂപ്പാണെന്ന് തിരിച്ചറിയാകാത്ത വിധം സിവി പത്മരാജന്‍ കോണ്‍ഗ്രസിന്റെ മുഖമായി. ചാത്തന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തേക്ക് വന്ന പദ്മരാജന്‍ കൊല്ലം ഡിസിസിയുടെ വൈസ് പ്രസിഡന്റും പ്രസിഡന്റമായി പ്രവര്‍ത്തിച്ചു.

സഹകാരിയെന്നനിലയിലും അദ്ദേഹത്തിന്റെ കര്‍മമണ്ഡലം വിപുലമായിരുന്നു. 1968 മുതല്‍ കൊല്ലം സഹകരണ അര്‍ബന്‍ ബാങ്ക് പ്രസിഡന്റാണ്. പരവൂര്‍ എസ്.എന്‍.വി.സമാജം ട്രഷഷറര്‍, എസ്.എന്‍.വി. സ്‌കൂള്‍ മാനേജര്‍, എസ്.എന്‍.വി. ബാങ്ക് ട്രഷറര്‍, കൊല്ലം ക്ഷീരോത്പാദക സഹകരണസംഘം ഡയറക്ടര്‍, ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, സഹകരണ സ്പിന്നിങ് മില്‍ സ്ഥാപക ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗം എന്നീനിലകളിലൊക്കെ പ്രവര്‍ത്തിച്ചു. ഭാര്യ: അഭിഭാഷകയായ വസന്തകുമാരി. മക്കൾ: അജി (മുൻ പ്രൊജക്ട് മാനേജർ, ഇൻഫോസിസ്). അനി (വൈസ് പ്രസിഡന്റ്, വോഡ‍ോഫോൺ‌–ഐഡിയ, മുംബൈ). മരുമകൾ: സ്മിത.

By admin