
കണ്ണൂർ: റെക്കോഡ് ഭൂരിപക്ഷത്തോടെ കുഞ്ഞാലിക്കുട്ടി വിജയിക്കുകയും മത്സരിച്ച 27 സീറ്റുകളില്‍ 22 സീറ്റുകളും വിജയിക്കുകയും ചെയ്തതോടെ ലീഗിന് അഹങ്കാരം കൂടുന്നോ? കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് മാത്യും കുഴല്‍നാടനെതിരായ യൂത്ത് ലീഗിന്റെ ഫ്ലക്സ് ബോര്‍ഡ് ചര്‍ച്ചയായി.
കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യത്തില്‍ മുസ്ലിം ലീഗ് ഇടപെടരുതെന്ന് മാത്യു കുഴല്‍നാടന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു ലീഗ്. കുഴല്‍ നാടന് മറുപടിയായി യൂത്ത് ലീഗ് കണ്ണൂരില്‍ ഉയര്‍ത്തിയ പോസ്റ്റര്‍ ലീഗിനെ ആരും ചോദ്യം ചെയ്യരുതെന്ന മനോഭാവത്തിന്റെ ഉദാഹരണമായിരുന്നു. “കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട” എന്ന വാചകങ്ങളോടെയാണ് ബോർഡ് ഫ്ലക്സ് ബോർഡുകൾ ഉയര്‍ന്നത്.
വി ഡി സതീശന് അഭിവാദ്യങ്ങള്‍ നേരുന്ന വാചകങ്ങളും ഫ്ലെക്സ് ബോര്‍ഡിലുണ്ട്. മുഖ്യമന്ത്രിയായി വി ഡി സതീശനെ പിന്തുണച്ചുകൊണ്ട് “പട നയിച്ചവൻ നയിക്കട്ടെ” എന്നാണ് ബോർഡിലെ വാചകങ്ങള്‍. യൂത്ത് ലീഗ് ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സതീശനെ മുഖ്യമന്ത്രിയാക്കണം എന്ന രീതിയില്‍ ലീഗ് നേതാവ് തങ്ങള്‍ പ്രസ്താവന നടത്തിയിരുന്നു. അതിന് ശേഷം തുടര്‍ച്ചയായി സതീശനെ മുഖ്യമന്ത്രിയാക്കണം എന്ന ആവശ്യം മുസ്ലിംലീഗ് നേതാക്കള്‍ ആവര്‍ത്തിക്കുകയാണ്. ഇത് അസഹ്യമായപ്പോഴാണ് കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ലീഗ് ഇടപെടരുതെന്ന പ്രസ്താവനയുമായി കുഴല്‍നാടന്‍ രംഗത്ത് വന്നത്.