ന്യൂദല്‍ഹി: ഏതാനും മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി സ്വന്തം അമ്മയുടേയും സഹോദരിയുടെയും മരണത്തെപ്പറ്റി മൗനം പാലിക്കുന്ന നേതാവാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെന്ന യോഗി ആദിത്യനാഥിന്റെ പ്രസംഗം വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മഹാരാഷ്‌ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് അമരാവതിയില്‍ 2024ല്‍ ആണ് യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്.
അന്ന് “ബടേംഗെ തൊ കട്ടേംഗെ” എന്ന മുദ്രാവാക്യം ഉയര്‍ത്തിയപ്പോഴാണ് യോഗി ഇക്കാര്യം സൂചിപ്പിച്ചത്. ‘ഹിന്ദുക്കള്‍ ഭിന്നിച്ചുനിന്നാല്‍ അറക്കപ്പെടും’ എന്നായിരുന്നു ഈ പ്രസിദ്ധ മുദ്രാവാക്യത്തിന്റെ അര്‍ത്ഥം. ഇതിനുദാഹരണായാണ് യോഗി ആദിത്യനാഥ് കോണ്‍ഗ്രസ് അധ്യക്ഷനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ജീവിത കഥ പറഞ്ഞത്. “സ്വന്തം അമ്മയെയും സഹോദരിയെയും ഹൈദരാബാദിലെ മുസ്ലിം ഭരണാധികാരിയായ നിസാമിന്റെ പട്ടാളക്കാര്‍ 1948ല്‍ ചുട്ടുകൊന്നിട്ടും ഏതാനും മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി ഇതേക്കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ ഖാര്‍ഗെ തയ്യാറാകുന്നില്ല.” – ഹിന്ദുക്കള്‍ ഭിന്നിച്ചുനില്‍ക്കുന്നു എന്നതിന് ഒരു ക്ലാസിക് ഉദാഹരണം പറയാനാണ് ഖാര്‍ഗെയുടെ ജീവിത കഥ അന്ന് യോഗി പറഞ്ഞത്.
ഇപ്പോള്‍ നരേന്ദ്രമോദിയെ ഭീകരവാദി എന്ന് വിശേഷിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഖാര്‍ഗെ പ്രസംഗിച്ചതോടെ യോഗിയുടെ ഈ പഴയ പ്രസംഗം വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.