കോഴിക്കോട്: മുസ്‌ലീം സമുദായത്തെ അവഗണിച്ച് ഒരു സര്‍ക്കാരിനും മുന്നോട്ട് പോകാനാകില്ലെന്ന് സമസ്ത. സമൂദായത്തെ അവഗണിച്ചാല്‍ സര്‍ക്കാരിന് തിക്താനുഭവങ്ങള്‍ നേരിടേണ്ടി വരുമെന്നും കേരള ജം ഇയ്യത്തുല്‍ ഉലമ മുശവറ അംഗം ഉമര്‍ ഫൈസി മുക്കം പറഞ്ഞു.
സ്‌കൂള്‍ സമയ മാറ്റം സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു ഉമര്‍ ഫൈസി മുക്കം. സ്‌കൂള്‍ സമയം വര്‍ദ്ധിപ്പിച്ചത് മത പഠനത്തെ ബാധിക്കുമെന്നാണ് സമസ്തയുടെ നിലപാട്.
നേരത്തേ സമസ്തയുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു. സ്‌കൂള്‍ സമയ മാറ്റം സംബന്ധിച്ച് കാര്യങ്ങള്‍ സര്‍ക്കാര്‍ സമസ്തയെ ബോധ്യപ്പെടുത്തുമെന്നും എന്നാല്‍ സമയം മാറ്റിയതില്‍ നിന്ന് പിന്‍വാങ്ങില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. മത സംഘടനകള്‍ വിദ്യാഭ്യാസ കാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്നും സമുദായ കാര്യങ്ങള്‍ നോക്കണമെന്നും മന്ത്രി പറഞ്ഞു.
ഇതേ തുടര്‍ന്നാണ് ഉമര്‍ ഫൈസി മുക്കം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്.
സ്‌കൂളിലെ അധ്യയന സമയം വര്‍ദ്ധിപ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ച പ്രകാരമാണ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്.ഇതിനെയാണ് സമസ്ത ഉള്‍പ്പെടെ വിവിധ മുസ്ലീം സംഘടനകള്‍ എതിര്‍ക്കുന്നത്.