• Thu. Apr 16th, 2026

24×7 Live News

Apdin News

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

Byadmin

Apr 16, 2026


മൂന്നാര്‍: മൂന്നാറിലും പരിസര പ്രദേശങ്ങളിലും വളര്‍ത്ത് മൃഗങ്ങള്‍ക്ക് നേരെ വന്യജീവിയാക്രമണം തുടര്‍ക്കഥയാവുന്നതായി പരാതി. വേനല്‍ കനത്തതോടെ കാടിറങ്ങുന്ന വന്യജീവികള്‍ മേയാന്‍ വിടുന്ന പശുക്കളെയാണ് അധികമായി കൊലപ്പെടുത്തുന്നത്. മൂന്നാര്‍ ലാക്കാട് എസ്റ്റേറ്റില്‍ വന്യജീവിയാക്രമണത്തില്‍ പശു ചത്തതാണ് ഒടുവിലത്തെ സംഭവം.

പ്രദേശവാസിയായ കണ്ണന്റെ പശുവിനെയാണ് വന്യജീവി കൊലപ്പെടുത്തിയത്. റോഡരികില്‍ തന്നെയായിരുന്നു പശുവിന്റെ ജഡം കണ്ടെത്തിയത്. മൂന്നാറിലും പരിസരപ്രദേശങ്ങളിലും പുലിയുടെയും കടുവയുടെയും ആക്രമണത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യം ആളുകളില്‍ വലിയ പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുണ്ട്. നൂറുകണക്കിന് പശുക്കളാണ് ഇതുവരെ തോട്ടം മേഖലയില്‍ വന്യജീവിയാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ഇതിലൂടെ തൊഴിലാളികള്‍ക്ക് വലിയ നഷ്ടം സംഭവിക്കുന്നതിനൊപ്പം അധിക വരുമാനം കണ്ടെത്താനുള്ള കുടുംബങ്ങളുടെ മാര്‍ഗ്ഗവും വഴിയടയുന്നതായും തൊഴിലാളി കുടുംബങ്ങള്‍ പറയുന്നു.

വന്യജീവിയാക്രമണം പ്രതിരോധിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് ആവര്‍ത്തിക്കുമ്പോഴും വന്യജീവിയാക്രമണം മുന്‍കാലങ്ങളിലേതു പോലെ തന്നെ തുടരുന്നുവെന്ന പരാതിയുമുണ്ട്. സമാന രീതിയില്‍ ഇനിയും വളര്‍ത്ത് മൃഗങ്ങള്‍ വന്യജീവിയാക്രമണത്തില്‍ കൊല്ലപ്പെടുമോയെന്ന ആശങ്കയിലാണ് തൊഴിലാളി കുടുംബങ്ങള്‍.

മൂന്നാറിലെ ജനവാസ മേഖലകളിലൂടെ കാട്ടുകൊമ്പന്‍ പടയപ്പയും സ്വൈരവിഹാരം നടത്തുന്നത് തുടരുകയാണ്. ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തുന്ന പടയപ്പയെ ഉള്‍വനത്തിലേക്ക് തുരത്തണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കെയാണ് കാട്ടാന വീണ്ടും വീണ്ടും ജനവാസ മേഖലകളിലേക്കെത്തുന്നത്. മുന്‍കാലങ്ങളില്‍ വ്യത്യസ്തമായി ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടുകൊമ്പന്‍ വ്യാപക നാശം വരുത്തുന്ന സ്ഥിതിയുമുണ്ട്. കൃഷി വിളകള്‍ നശിപ്പിക്കുന്നതിനൊപ്പം നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്കും കാട്ടാന കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്.

ജനവാസ മേഖലയില്‍ കാട്ടാനയുടെ സാന്നിധ്യം സ്ഥിരമായതോടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുമോയെന്ന ആശങ്കയിലാണ് തൊഴിലാളി കുടുംബങ്ങള്‍. മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ കാട്ടാന ഇടക്കിടെ ഗതാഗത തടസ്സവും തീര്‍ക്കുന്നു. മുന്‍കാലങ്ങളില്‍ ശാന്തസ്വഭാവമായിരുന്നു പടയപ്പക്കെങ്കില്‍ ഇപ്പോള്‍ കാട്ടാന ഇടക്കിടെ ആക്രമണ സ്വഭാവം പുറ ത്തെടുക്കുന്ന സ്ഥിതിയുമുണ്ട്. കാട്ടാനയുടെ സാന്നിധ്യമുള്ള ഇടങ്ങളില്‍ ആനക്ക് മുമ്പില്‍ പെടുമോയെന്ന ആശങ്കയോടെയാണ് ആളുകള്‍ യാത്ര ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് പടയപ്പയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്.



By admin