തിരുവനന്തപുരം : നേമം എംഎൽഎ ശ്രീ രാജീവ് ചന്ദ്രശേഖറിന്റെ ജന്മദിനമായ മെയ് 31-ന് മണ്ഡലത്തിലെ വാർഡ് കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ സേവനപ്രവർത്തനങ്ങൾ നടത്തും. മണ്ഡലത്തിലെ കിടപ്പുരോഗികൾ അടക്കമുള്ള സാധാരണ ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യും. ബന്ധപ്പെട്ട വാർഡ് കൗൺസിലർമാരുടെ മേൽനോട്ടത്തിലായിരിക്കും വിതരണ പ്രവർത്തനങ്ങൾ നടക്കുക.
തുലവിളയിൽ ദേശീയപാതയോട് ചേർന്ന് ഒരുക്കിവരുന്ന എംഎൽഎ ഓഫീസ് പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ മണ്ഡലവാസികൾക്ക് കൂടുതൽ കാര്യക്ഷമമായ സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കുമെന്ന് ബിജെപി കൗൺസിലർമാർ അറിയിച്ചു. മണ്ഡലത്തിൽ നിന്ന് വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ജനങ്ങൾ തെരഞ്ഞെടുത്ത എല്ലാ ജനപ്രതിനിധികൾക്കും കക്ഷിരാഷ്‌ട്രീയ ഭേദമന്യേ ആവശ്യമായ പിന്തുണയും സേവനങ്ങളും ഉറപ്പാക്കുന്ന തരത്തിലായിരിക്കും എംഎൽഎ ഓഫീസ് പ്രവർത്തിക്കുക.
ജനകീയ വികസനവും സേവനപ്രവർത്തനങ്ങളും മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് ഓഫീസ് മുഖേന ലക്ഷ്യമിടുന്നതെന്ന് ബിജെപി മണ്ഡലം നേതൃത്വം വ്യക്തമാക്കി.