• Fri. Sep 25th, 2026

24×7 Live News

Apdin News

മെസിയും റൊണാൾഡോയും ഒരേ ടീമിൽ പന്തുതട്ടും; ചരിത്ര നിമിഷം ഒരുങ്ങുന്നു

Byadmin

Sep 24, 2026


ഇതിഹാസ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ആദ്യമായി ഒരേ ടീമിൽ കളിക്കാനൊരുങ്ങുന്നു. അർജന്റീനയുടെ ഇതിഹാസ താരം കാർലോസ് ടെവസിന്റെ വിടവാങ്ങൽ മത്സരത്തിലായിരിക്കും ഇരുവരും ഒരേ ടീമിന് വേണ്ടി കളത്തിലിറങ്ങുക.

2026 ഡിസംബറിൽ ബ്യൂണസ് ഐറിസിലെ ബോക്ക ജൂനിയേഴ്സിന്റെ പ്രശസ്തമായ ലാ ബോംബെനേര സ്റ്റേഡിയത്തിലായിരിക്കും ഈ ചരിത്ര പോരാട്ടം നടക്കുകയെന്നാണ് റിപ്പോർട്ട്.

ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ട് പ്രതിഭകളായ മെസ്സിയും റൊണാൾഡോയും തങ്ങളുടെ കരിയറിലുടനീളം കടുത്ത എതിരാളികളായിട്ടാണ് പന്ത് തട്ടിയിട്ടുള്ളത്. ഇരുവരും ഒരേ ടീമിൽ കളിക്കുന്ന അപൂർവ നിമിഷത്തിന് സാക്ഷിയാവാൻ ഒരുങ്ങുകയാണ് ലോകം.

കാർലോസ് ടെവസിന് മെസ്സിയുമായും റൊണാൾഡോയുമായും മികച്ച ബന്ധമാണുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം 80 മത്സരങ്ങളിൽ ടെവസ് കളിച്ചിട്ടുണ്ട്.

അർജന്റീന ദേശീയ ടീമിനായി ലയണൽ മെസ്സിക്കൊപ്പം 47 തവണയും ടെവസ് കളത്തിലിറങ്ങി. ഈ സൗഹൃദമാണ് ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് ഇതിഹാസങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്താൻ ടെവസിനെ തുണച്ചത്.

ടെവസ് തന്റെ കരിയർ ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്ത ലാ ബോംബെനേര സ്റ്റേഡിയം ഈ വിടവാങ്ങൽ മത്സരത്തിന് വേദിയാകുമ്പോൾ ലോക ഫുട്‌ബോളിന്റെ മുഴുവൻ കണ്ണുകളും അർജന്റീനയുടെ മണ്ണിലേക്ക് ആയിരിക്കും.







By admin