തിരുവനന്തപുരം: മെസ്സി തട്ടിപ്പ് എന്ന നിലയിൽ വിവാദമായിരിക്കുന്ന റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ വി ഡി സതീശൻ സർക്കാർ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്. സുരേഷ്. അർജന്റീന ഉൾപ്പെടെയുള്ള രാജ്യങ്ങളുമായിട്ടുള്ള അന്താരാഷ്‌ട്ര ബന്ധമുള്ള ഒരു കരാറാണത്, ഒരു തട്ടിപ്പാണത്. എംബസികളുമായും മറ്റു സംസ്ഥാനങ്ങളുമായും അതിന് ബന്ധമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പേര് ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടന്നിട്ടുള്ളതെന്നും എസ്. സുരേഷ് പറഞ്ഞു.
കേരളം ഭരിച്ച മുഖ്യമന്ത്രി പിണറായി വിജയനും, മാർക്സിസ്റ്റ് പാർട്ടിക്കും ഈ റിപ്പോർട്ടറുമായിട്ട് ചേർന്നിട്ടുള്ള കൊള്ളയിൽ പങ്കുണ്ട്. അതുകൊണ്ടുതന്നെ ഈ കേസ് സിബിഐക്കും കേന്ദ്ര ഏജൻസികൾക്കും വിടാൻ വി.ഡി സതീശൻ സർക്കാർ തയ്യാറാകണമെന്ന് ബിജെപി ആവർത്തിച്ച് ആവശ്യപ്പെടുന്നു. ശബരിമല ഡീൽ പോലെ പിണറായി വിജയനെയും, മാർക്സിസ്റ്റ് പാർട്ടിയെയും രക്ഷിക്കാനായി ഒത്തുകളിക്കരുത് എന്നും വി ഡി സതീശനോട് എസ്. സുരേഷ് ആവശ്യപ്പെട്ടു.
ഇൻഡി സഖ്യത്തിന്റെ ഘടകകക്ഷികളാണല്ലോ നമ്മുടെ സിപിഎം, അതുകൊണ്ട് അവർക്കെതിരെ അങ്ങനെയുള്ള അന്വേഷണമൊന്നും വേണ്ട, കേന്ദ്ര ഏജൻസികളെയൊന്നും ഉൾപ്പെടുത്തേണ്ട എന്നുള്ള രാഹുൽഗാന്ധിയുടെ ഉപദേശം വി ഡി സതീശന് കിട്ടുകയും, അതിനെ സംബന്ധിച്ചുള്ള ചില ഡീലുകളുമാണ് കേരളത്തിൽ ഇടതു-വലതു സഖ്യങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും എസ്. സുരേഷ് പറഞ്ഞു.
ഈ തട്ടിപ്പിന്റെ പേരിൽ ജിഎസ്ടി തട്ടിപ്പ് നടന്നിരിക്കുന്നു എന്ന് ബോധ്യപ്പെട്ടിരിക്കുന്നു. ആ ജിഎസ്ടി തട്ടിപ്പിനെ സംബന്ധിച്ച് ക്രിമിനൽ കേസ് എടുക്കാൻ തയ്യാറാകണം. ക്രിമിനൽ കേസ് എടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യാൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ മുന്നോട്ടുപോകണമെന്നും സർക്കാരിനോട് ബിജെപി ആവശ്യപ്പെടുന്നു.
മുൻ മുഖ്യമന്ത്രിയുടെ മുമ്പിൽ ഇതിലെ ഇടനിലക്കാരന് പത്തൊൻപതോളം കേസുകൾ ഉണ്ടെന്നും, അത് പലതും വഞ്ചനാക്കുറ്റം ഉൾപ്പെടെയുള്ള കേസുകൾ ആണെന്നും, ദുരൂഹമായിട്ടുള്ള സാമ്പത്തിക ഇടപാടുകൾ ഇതിന്റെ പിന്നിൽ ഉണ്ടെന്നും, അന്താരാഷ്‌ട്ര ഏജൻസികളുമായിട്ടുള്ള ബന്ധം കാരണം ഇത് കേന്ദ്രസർക്കാർ ഇടപെടാൻ സാധ്യതയുണ്ടെന്നും ഉള്ള അതിഗൗരവത്തിലുള്ള റിപ്പോർട്ടുകൾ മുഖ്യമന്ത്രിയുടെ കയ്യിൽ കിട്ടിയിട്ടും നടപടി എടുക്കാത്തത് ദുരൂഹമാണ്.
അതുകൊണ്ടാണ് കേന്ദ്ര ഏജൻസി ഇതിനെക്കുറിച്ച് സമഗ്രമായിട്ട് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നത്. യാതൊരു ഡീലുമുണ്ടാക്കാതെ അന്വേഷണം സിബിഐക്ക് വിടാൻ മുഖ്യമന്ത്രി വി ഡി സതീശൻ സർക്കാർ തീരുമാനിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നുവെന്നും എസ്. സുരേഷ് പറഞ്ഞു.