പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ലോകമെമ്പാടും സംഘടിപ്പിക്കുന്ന ‘സൈൻസ് ഫോർ ഗാസ’ എന്ന ഡിജിറ്റൽ കാമ്പെയ്നെ പിന്തുണച്ചും ആഹ്വാനം ചെയ്തും സിപിഎം പോളിറ്റ് ബ്യൂറോ.ഐക്യദാർഢ്യത്തിന്റെ പ്രതീകാത്മക പ്രവൃത്തിയായി ഒരാഴ്‌ചത്തേക്ക് പ്രാദേശിക സമയം രാത്രി 9:00 മുതൽ 9:30 വരെ 30 മിനിറ്റ് നേരം മൊബൈൽ ഫോണുകൾ ഓഫ് ചെയ്തും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ വിട്ടുനിൽക്കുകയും ചെയ്തുകൊണ്ട് സംഘടിപ്പിക്കുന്ന പരിപാടിക്കാണ് സിപിഎം പിന്തുണ അറിയിച്ചത്.
ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ വിവിധ ബഹുരാഷ്ട്ര കമ്പനികൾ എങ്ങനെ പങ്കാളികളാണെന്ന് യുഎൻ അടുത്തിടെ പുറത്തിറക്കിയ ‘ഫ്രം എക്കണോമി ഓഫ് ഒക്യുപേഷൻ ടു എക്കണോമി ഓഫ് ജെനോസൈഡ്’ എന്ന റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ കോർപ്പറേഷനുകളുടെ ദുഷ്ട പങ്ക് തുറന്നുകാട്ടപ്പെടണമെന്നും അവർ ജനങ്ങളോട് ഉത്തരവാദിത്തം ഏറ്റുപറയണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വംശഹത്യയ്ക്ക് വഴിയൊരുക്കുന്നതിനൊപ്പം തന്നെ ഈ കോർപ്പറേറ്റുകൾ നമ്മുടെ ഡിജിറ്റൽ മേഖലയിൽ സജീവമാണെന്ന് പാർട്ടി പറഞ്ഞു. ഓരോ ദിവസവും അര മണിക്കൂർ മൊബൈൽ ഫോണുകൾ ഓഫാക്കുന്നത് ഡിജിറ്റൽ മേഖലയെ തടസ്സപ്പെടുത്തലിന്റെ ചെറുതും എന്നാൽ ശക്തവുമായ ഒരു പ്രവൃത്തിയാണ്, ഇസ്രായേലിന്റെ വംശഹത്യയ്ക്കും വർണ്ണവിവേചനത്തിനും ധനസഹായം നൽകുന്ന മുതലാളിത്തത്തിനെതിരായ ഒരു ആക്രമണമാണിതെന്നും പാർട്ടി കൂട്ടിച്ചേർത്തു.