• Wed. Oct 14th, 2026

24×7 Live News

Apdin News

മോദിയാണ് വോട്ടുചോരിയുടെ ശില്പി; അത് നടപ്പാക്കിയത് ഗ്യാനേഷും കൂട്ടാളികളും ചേര്‍ന്ന്; രാഹുല്‍ ഗാന്ധി

Byadmin

Oct 14, 2026


ഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ രാജി വെയ്ക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകാന്‍ ഇന്ത്യാ സഖ്യ നേതാക്കളുടെ യോഗത്തില്‍ തീരുമാനം. ജനാധിപത്യം സംരക്ഷിക്കാന്‍ സഖ്യം ഒറ്റക്കെട്ടാണെന്ന് നേതാക്കള്‍ വ്യക്തമാക്കി. തുടര്‍ സമരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഒരുക്കിയ ചായസത്ക്കാരത്തിന് ശേഷമാണ് ഈ നിര്‍ണ്ണായക പ്രഖ്യാപനമുണ്ടായത്. നരേന്ദ്ര മോദിയാണ് വോട്ടുചോരിയുടെ ശില്പി. ഗ്യാനേഷും കൂട്ടാളികളും ചേര്‍ന്നാണ് അത് നടപ്പാക്കിയത്. ഇന്നലെ കണ്ടത് ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ പ്രതികരണമാണ്. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കപ്പുറം ഇന്ത്യയുടെ ഭാവിക്ക് വേണ്ടിയുള്ള ഈ പോരാട്ടം ലക്ഷ്യം കാണുന്നത് വരെ എത്ര വര്‍ഷം കഴിഞ്ഞാലും തുടരുമെന്ന് രാഹുല്‍ വ്യക്തമാക്കി.

ഇന്നലെ നടന്നത് ഐതിഹാസിക സമരമാണെന്നും വോട്ട് കൊള്ള തുറന്ന് കാട്ടാന്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ബിജെപി രാജ്യത്തെ ഒറ്റുകയാണെന്നും സമാന്തര സമരങ്ങളില്ലെന്നും ജനാധിപത്യത്തെ പുനഃസ്ഥാപിക്കാന്‍ വേണ്ടിയുള്ള ഒരേ ഒരു സമരമേ ഉള്ളൂവെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ജന്തര്‍ മന്തറില്‍ സമരം പാടില്ലെന്ന ഉത്തരവ് അംഗീകരിക്കില്ലെന്നും ഭരണഘടനയെ ഇല്ലാതാക്കി രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും മോദിയും ഷായും ഗ്യാനേഷും മനസ്സിലാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ജനാധിപത്യം സംരക്ഷിക്കാന്‍ എന്തും നല്‍കുമെന്നും ഗ്യാനേഷ് കുമാര്‍ ഒരു പാവയെ പോലെയാണ് പണിയെടുക്കുന്നതെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു. ജന്തര്‍ മന്തറിനെ പ്രതിഷേധ വേദിയില്‍ നിന്ന് ഒഴിവാക്കിയതിനെ ശക്തമായി അപലപിക്കുന്നുവെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ വ്യക്തമാക്കി. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നതാണെന്ന് ടിഎംസി നേതാവ് സുപ്രിയ സുലെ ഓര്‍മ്മിപ്പിച്ചു.

ജനാധിപത്യത്തിനായുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. വോട്ട് കൊള്ളക്കാര്‍ ഇപ്പോള്‍ ജന്തര്‍ മന്തറും മോഷ്ടിച്ചെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി വിമര്‍ശിച്ചു. ഗ്യാനേഷ് കുമാര്‍ ഒരു മാഫിയ ആണെന്നും അയാളെ എങ്ങനെ നേരിടണമെന്ന് അറിയാമെന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു. ഒരേ ഒരു ശത്രുവേ ഉള്ളൂ, അത് ബിജെപിയാണെന്നും ഇന്ത്യയെ ജനാധിപത്യ രാജ്യമാക്കുന്നതില്‍ അവര്‍ക്ക് യാതൊരു പങ്കുമില്ലെന്നും നേഹ ബോറ കൂട്ടിച്ചേര്‍ത്തു.

വോട്ടർപട്ടികയിലെ ക്രമക്കേടുകൾ പരിഹരിക്കുന്നതിനായി എസ്.ഐ.ആർ നടപടികൾ നിർത്തിവെക്കണമെന്നും നിയമവിരുദ്ധമായി നീക്കം ചെയ്ത വോട്ടർമാരെ പുനഃസ്ഥാപിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. എസ്.ഐ.ആർ നടപടികൾക്കായി ഉപയോഗിച്ച സോഫ്റ്റ്‌വെയർ പരിശോധിക്കണമെന്നും വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള ഫോം 6, എതിർപ്പുകൾക്കും പേരുകൾ ഒഴിവാക്കുന്നതിനും ഉപയോഗിക്കുന്ന ഫോം 7 എന്നിവയിലെ മാറ്റങ്ങൾ റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു.

തെറ്റായി വോട്ടുകൾ നീക്കം ചെയ്തതായി ബോധ്യപ്പെട്ടാൽപ്പോലും അത്തരം നടപടികൾ തിരുത്താൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരെ (ഇ.ആർ.ഒ) സോഫ്റ്റ്‌വെയർ അനുവദിക്കുന്നില്ലെന്നാണ് തരൂരിന്റെ ആരോപണം. ഗോവയിൽ 97 കേസുകളുമായി ബന്ധപ്പെട്ട് ‘ഇന്ത്യൻ എക്സ്പ്രസ്’ നടത്തിയ അന്വേഷണവും അദ്ദേഹം ക്രമക്കേടുകൾക്ക് തെളിവായി ചൂണ്ടിക്കാട്ടി.

മരിച്ചവരുടെയും താമസസ്ഥലത്ത് ഇല്ലാത്തവരുടെയും പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യുന്നതിനെ ആരും എതിർക്കുന്നില്ലെന്ന് തരൂർ പറഞ്ഞു. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച അശാസ്ത്രീയമായ രീതികളും അമിത വേഗതയും അപ്പീൽ നടപടികളിലെ അപര്യാപ്തതയുമാണ് പ്രശ്നം. വോട്ടർപട്ടികയിൽനിന്ന് പേര് നീക്കം ചെയ്തശേഷം തങ്ങൾ വോട്ടവകാശത്തിന് അർഹരാണെന്ന് തെളിയിക്കേണ്ട ബാധ്യത പൗരന്മാരുടെമേൽ അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

രാജ്യത്തുടനീളം റെക്കോർഡ് അളവിൽ 13 കോടിയിലധികം ആളുകളെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ തകർക്കുന്നതാണ്. ഈ സാഹചര്യത്തിൽ നിഷ്പക്ഷവും വിശ്വാസയോഗ്യവുമായ തെരഞ്ഞെടുപ്പ് നടത്താൻ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള കമ്മീഷന് കഴിയുമോയെന്നത് ഗൗരവകരമായ ചോദ്യമാണെന്നും ജനാധിപത്യത്തിന്റെ താൽപര്യം മുൻനിർത്തി അദ്ദേഹം സ്വമേധയാ രാജിവെക്കുന്നതാണ് മാന്യതയെന്നും തരൂർ പറഞ്ഞു.







By admin