തിരുവനന്തപുരം : ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട് കേരള സര്‍വകലാശാലയില്‍ വിവാദം കത്തിനില്‍ക്കുന്നതിനിടെ വൈസ് ചാന്‍സലറുടെ താല്‍ക്കാലിക ചുമതല ഡിജിറ്റല്‍ സര്‍വകലാശാല വിസി ഡോ.സിസ തോമസിനു നല്‍കി ഗവര്‍ണര്‍. നിലവിലെ വിസി ഡോ.മോഹന്‍ കുന്നുമ്മല്‍ റഷ്യന്‍ സന്ദര്‍ശനത്തിനു പോകുന്ന പശ്ചാത്തലത്തിലാണ് എട്ടാം തീയതി വരെ സിസ തോമസിന് അധിക ചുമതല നല്‍കാനുള്ള ഗവര്‍ണറുടെ തീരുമാനം. കേരള സർവകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തുള്ള നടപടിക്ക് ശേഷമാണ് അസാധാരണമായ അവധിയിലേക്ക് മോഹനൻ കുന്നുമ്മൽ കടക്കുന്നത്.
സെനറ്റ് ഹാളിലെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തിൽ സസ്പെൻഷനിലായ രജിസ്ട്രാർക്ക് പിന്തുണയേറുകയാണ്. സംസ്ഥാനത്തെ മന്ത്രിമാരും കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾക്കും പുറമെ വിദ്യാർഥി സംഘടനകളായ എസ്എഫ്ഐയും കെഎസ്‌യുവും വി സിക്കെതിരെ രംഗത്തെത്തി. വൈസ് ചാൻസലറുടെ നടപടി ഗവർണ്ണറുടെ ആർ.എസ്.എസ് താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു. എസ്എഫ്ഐ ഇന്ന് രാജ്‌ഭവനിലേക്ക് മാർച്ച് നടത്തും.
സസ്‌പെൻഷൻ നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ പറഞ്ഞു. സസ്പെൻഷൻ ഉത്തരവിൽ പറയുന്ന കാരണങ്ങൾ ശരിയല്ലെന്നും തന്നെ നിയമിച്ചിരിക്കുന്നത് സിൻഡിക്കേറ്റാണ് അതിനനുസൃതമായാണ് സർവകലാശാല രജിസ്ട്രാറായി പ്രവർത്തിക്കുന്നത്. ഗവർണറെ അപമാനിച്ചിട്ടില്ല. താൻ ആറ് മണിക്ക് തന്നെ സെനറ്റ് ഹാളിലെ പരിപാടിക്ക് നൽകിയ അനുമതി റദ്ദാക്കിയതാണ്. ഇതിന്റെ രേഖകൾ തന്റെ കൈവശമുണ്ട്. ഗവർണർ വേദിയിൽ എത്തിയ ശേഷമാണ് അനുമതി റദ്ദാക്കിയതെന്ന വി സിയുടെ കണ്ടെത്തൽ ശരിയല്ലെന്നും അനിൽകുമാർ പറഞ്ഞു.