ന്യൂദല്‍ഹി: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ലഭിച്ച സ്വീകാര്യത അന്നാട്ടിലെ ഹിന്ദുസമൂഹത്തിന്റെ പ്രഭാവമാണ് വിളിച്ചോതുന്നതെന്ന് സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു. അമേരിക്കയിലെ ഹിന്ദുക്കള്‍ അവഗണിക്കാനാവാത്ത ശക്തിയായി പാകപ്പെട്ടതിന്റെ അടയാളമാണതെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ സൂചിപ്പിച്ചു.
അമേരിക്കയിലെ മുപ്പത് വര്‍ഷത്തെ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വെമ്പുവിന്റെ വിലയിരുത്തല്‍. അമേരിക്കന്‍ മുഖ്യധാരയില്‍ ഹിന്ദുസംസ്‌കൃതിയോടുള്ള സ്വീകാര്യത വര്‍ധിച്ചിരിക്കുന്നു. ക്ലീവ്ലാന്‍ഡില്‍ ആഘോഷമായി മാറിയ ത്യാഗരാജ ആരാധന പോലുള്ള സാംസ്‌കാരിക പരിപാടികളുടെ സ്വാധീനവും അതിന്റെ തെളിവാണ്.
മോഹന്‍ ഭഗവതിന്റെ സന്ദര്‍ശനം അമേരിക്കയിലെ ഹിന്ദുക്കള്‍ക്ക് ഒരു സുപ്രധാന സന്ദര്‍ഭമായിരുന്നു. ഹിന്ദു, ഹിന്ദി, ഇന്ത്യന്‍ എന്നീ വാക്കുകളെ അങ്ങേയറ്റം തെറ്റിദ്ധരിച്ചിരുന്ന സാമൂഹിക സാഹചര്യങ്ങള്‍ ഇന്ന് മാറിയിരിക്കുന്നു. ആദ്യവര്‍ഷങ്ങളില്‍ ഇന്ത്യന്‍ എന്ന വാക്ക് പോലും ഉപയോഗിക്കുന്നതിന് ഭാരതീയര്‍ ആശങ്കപ്പെട്ടിരുന്നുവെന്നത് തന്റെ അനുഭവമാണെന്ന് ശ്രീധര്‍ വെമ്പു ചൂണ്ടിക്കാട്ടി.
അമേരിക്കയില്‍ ജനിച്ച ഭാരതീയ വംശജരായ കുട്ടികളുടെ അനുഭവം മനസ്സിലാക്കിയാലേ ഇപ്പോഴത്തെ മാറ്റം തിരിച്ചറിയാനാവൂ. ചില കുട്ടികള്‍ സ്വന്തം സംസ്‌കാരത്തെയും ധര്‍മത്തെയും അപമാനകരമെന്ന് കണ്ടിരുന്നവരാണ്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. അമേരിക്ക ഭാരതത്തെ സ്വീകരിക്കുകയാണ്. തഞ്ചാവൂരില്‍ നടക്കുന്ന ത്യാഗരാജാരാധനയ്‌ക്ക് എത്തുന്നതിനെക്കാള്‍ കൂടുതല്‍ ജനാവലിയാണ് ഇപ്പോള്‍ ക്ലീവ്‌ലാന്‍ഡിലെ ആഘോഷത്തിന് ഒഴുകിയെത്തുന്നത്. അമേരിക്കന്‍ പൊതുജീവിതത്തില്‍ ഭാരതീയ സംസ്‌കൃതി കൂടുതല്‍ ദൃശ്യമാവുകയാണ്.
ഡോ. മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍ ഭാരതീയ സമൂഹത്തില്‍ വലിയ ആത്മവിശ്വാസവും അഭിമാനബോധവും സൃഷ്ടിച്ചിട്ടുണ്ട്. ഇതൊരു വിദേശ സന്ദര്‍ശനം എന്ന നിലയില്‍ ചുരുക്കാനാവില്ല. അമേരിക്കന്‍ സമൂഹത്തില്‍ ആത്മവിശ്വാസവും അംഗീകാരവും നേടുന്നതില്‍ ഹിന്ദുക്കള്‍ എത്രത്തോളം മുന്നേറിയിരിക്കുന്നു എന്നതാണ് മാഡിസണ്‍ സ്‌ക്വയറിലെ സമ്മേളനം തെളിയിക്കുന്നത്. ഭാരതീയമൂല്യങ്ങളിലുറച്ചുനിന്നുകൊണ്ട് കര്‍മ്മഭൂമിയെന്ന നിലയില്‍ അമേരിക്കയോടുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണമെന്ന സര്‍സംഘചാലകന്റെ വാക്കുകള്‍ വലിയ തോതില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നു. അമേരിക്കയിലെ എല്ലാ ഭാരതീയ വംശജര്‍ക്കും ജന്മഭൂമി ഭാരതമാണെന്ന അദ്ദേഹത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ പ്രവാസികള്‍ക്ക് വലിയ ദിശാസൂചകമാണെന്ന് ശ്രീധര്‍ വെമ്പു ചൂണ്ടിക്കാട്ടി.