യാത്രക്കാരെ ചൂഷണം ചെയ്യുകയും തെറ്റിദ്ധരിപ്പിക്കുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്ത പ്രമുഖ റൈഡ് സർവീസ് പ്ലാറ്റ്‌ഫോമായ റാപ്പിഡോയ്ക്ക് വൻ തുക പിഴയിട്ട് കേന്ദ്ര സർക്കാർ. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയാണ് (CCPA) റാപ്പിഡോയ്ക്ക് പത്ത് ലക്ഷം രൂപ പിഴ ചുമത്തിയത്.
യാത്ര ബുക്ക് ചെയ്യുന്ന വേളയിൽ ഉപഭോക്താക്കളെ മാനസികമായി സമ്മർദ്ദത്തിലാക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന രീതികൾ പിന്തുടരുകയും ചെയ്തതിനാണ് റാപ്പിഡോയ്ക്ക് എതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ (CCPA) കർശന നടപടി.
പ്രധാന നിയമലംഘനങ്ങൾ:
- നിർബന്ധിത മുൻകൂർ ടിപ്പ്: റൈഡ് ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താക്കളെ മുൻകൂറായി ടിപ്പ് നൽകാൻ നിർബന്ധിക്കുക.
- തെറ്റിദ്ധരിപ്പിക്കുന്ന സമ്മർദ്ദം: കൂടുതൽ തുക നൽകിയാൽ മാത്രമേ റൈഡ് പെട്ടെന്ന് ലഭിക്കൂ എന്ന തരത്തിലുള്ള തെറ്റായ സന്ദേശങ്ങൾ ആപ്പിൽ കാണിച്ച് ഉപഭോക്താക്കളെ പ്രേരിപ്പിക്കുക.
റൈഡ് അഗ്രിഗേറ്റർ പ്ലാറ്റ്‌ഫോമുകൾ നടത്തുന്ന മുൻകൂർ ടിപ്പ് പിരിവും അമിത ചാർജ് ഈടാക്കലും സംബന്ധിച്ച് നടത്തിയ വ്യാപക അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടി. നേരത്തെ ഓല, യൂബർ, നമ്മ യാത്രി തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്കും സി.സി.പി.എ നോട്ടീസ് അയച്ചിരുന്നു. നിലവിൽ യൂബർ, ഓല എന്നീ കമ്പനികൾക്കെതിരെയുള്ള അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.