ദമ്മാം: സഊദി കെ എം സി സി സ്ഥാപക നേതാക്കളിൽ പ്രമുഖനും ദേശീയ സമിതി ട്രഷറുമായിരുന്ന മർഹൂം.സി. ഹാശിം എഞ്ചിനീയറുടെ ഓർമ്മപുസ്തകം ‘യാ ഹബീബീ’ പ്രകാശനത്തിനൊരുങ്ങുന്നു. അദ്ദേഹത്തിൻറെ ജന്മദേശമായ കണ്ണൂരിൽവെച്ച് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം നിർവ്വഹിക്കും.
ആഗസ്ത് നാലിന് കണ്ണൂർ ചേംബർ ഹാളിൽ വൈകീട്ട് നാല് മണിക്കാണ് പരിപാടി. ചടങ്ങിൽ മുസ്ലിംലീഗ് ദേശീയ -സംസ്ഥാന നേതാക്കൾ, ലീഗ് പോഷക ഘടകങ്ങളുടെ പ്രതിനിധികൾ,സഊദി കെ എം സി കുടുംബങ്ങൾ, കണ്ണൂർ കോർപ്പറേഷൻ കൗൺസിലറും ഹാശിം എഞ്ചിനീയറുടെ ഭാര്യയുമായ ഫിറോസ ഹാശിം,
മറ്റു സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ എന്നിവരും സംബന്ധിക്കും.
സഊദി കിഴക്കൻ പ്രവിശ്യ കെഎംസിസിയാണ് പുസ്തകത്തിന്റെ പ്രസാധകർ.മൂന്നര പതിറ്റാണ്ട് കാലത്തെ കുടിയേറ്റഭൂമികയിലെ ഗതിവിഗതികളുടെയും ആർദ്രമായ മാനവസേവനത്തിന്റെയും സാംസ്കാരിക പാരസ്പര്യത്തിന്റെയും ചരിത്രാടരുകൾ ഹാശിം എഞ്ചിനീയറുടെ പൊതുജീവിതത്തിലൂടെ ഇതൾ വിരിയുന്നതാണ് ‘യാ ഹബീബീ’.
അദ്ദേഹത്തെ അടുത്തറിഞ്ഞ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ,പി കെ കുഞ്ഞാലിക്കുട്ടി, മുസ്ലിംലീഗ് എംപിമാർ, എംഎൽഎമാർ ദേശീയ- സംസ്ഥാന ഭാരവാഹികൾ ,വേൾഡ് കെഎംസിസി നേതാക്കൾ, സഊദിയിലെ സാമൂഹ്യ-സാംസ്കാരിക വിദ്യാഭ്യാസ മാധ്യമരംഗത്തെ പ്രമുഖർ, വിവിധ തുറകളിൽ ഒന്നിച്ചു പ്രവർത്തിച്ച സഹചാരികൾ തുടങ്ങിയവർ ഹാശിം എഞ്ചിനീയറെ ഹൃദയംകൊണ്ട് അടയാളപ്പെടുത്തുന്നതാണ് അഞ്ഞൂറിലധികം പേജുകൾ വരുന്ന ഓർമ്മപ്പുസ്തകം.
കാദർ ചെങ്കള (രക്ഷാധികാരി), മുഹമ്മദ് കുട്ടി കോഡൂർ (ചെയർമാൻ), ആലിക്കുട്ടി ഒളവട്ടൂർ (ജനറൽ കൺവീനർ), മാമു നിസാർ (ഫിനാൻസ് കൺവീനർ) സി.പി ശരീഫ് ചോലമുക്ക് (പബ്ലിസിറ്റി കൺവീനർ)സിദ്ദിഖ് പാണ്ടികശാല , റഹ്മാൻ കാരയാട് (സമിതിയംഗങ്ങൾ) എന്നിവരുടെ നേതൃത്വത്തിൽ ചരിത്രകാരനും ഗ്രന്ഥകാരനുമായ മാലിക് മഖ്ബൂൽ (ചീഫ് എഡിറ്റർ) കാദർ മാസ്റ്റർ വാണിയമ്പലം (എക്സിക്യൂട്ടീവ് എഡിറ്റർ) അശ്‌റഫ് ആളത്ത് (അസോസിയേറ്റ് എഡിറ്റർ), അമീറലി കൊയിലാണ്ടി, സിറാജ് ആലുവ, ഹമീദ് വടകര ( സബ് എഡിറ്റർമാർ) എന്നിവരടങ്ങിയ സമിതിയാണ് പുസ്തകമൊരുക്കിയത്. ഒരു ഹരിതസേവകന് ലഭിക്കുന്ന മികവുറ്റ ആദരവാണ് ഈ കൃതിയിലൂടെ സാർത്ഥകമാകുന്നതെന്ന് പ്രസാധക സമിതി വാർത്താ കുറിപ്പിൽ അറിയിച്ചു.