ന്യൂഡൽഹി : ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തെ പ്രശംസിച്ച ട്രമ്പ് സ്വന്തം രാജ്യത്തിന് മാതൃകയായി ഇന്ത്യയെ ഉയർത്തിക്കാട്ടുകയും ചെയ്തു. പലപ്പോഴും വിദേശസന്ദർശനത്തിനിടെ ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തെ താഴ്‌ത്തിക്കെട്ടാൻ ശ്രമിക്കുന്ന രാഹുൽ ഗാന്ധിയ്‌ക്കും , കോൺഗ്രസിനുമേറ്റ തിരിച്ചടിയാണിത് .
ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ യുഎസ് ഭരണകൂടത്തോട് നേരിട്ട് ഒരു ചോദ്യം ഉന്നയിച്ചതായി ട്രമ്പ് സോഷ്യൽ മീഡിയ കുറിപ്പിൽ പറയുന്നു . സാധുവായ ഫോട്ടോ ഐഡന്റിറ്റി കാർഡ് ഇല്ലാതെ യുഎസിൽ എങ്ങനെ തിരഞ്ഞെടുപ്പ് നടത്താൻ കഴിയുമെന്നായിരുന്നു ചോദ്യമെന്നും ട്രമ്പ് പറയുന്നു.
2024 ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളും ട്രംപ് ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. ഇന്ത്യയിലെ സമീപകാല തിരഞ്ഞെടുപ്പിൽ ഏകദേശം 650 ദശലക്ഷം വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചുവെന്നും അവരിൽ ഒരു ശതമാനത്തിൽ താഴെ പേർ മാത്രമാണ് പോസ്റ്റൽ അല്ലെങ്കിൽ “മെയിൽ-ഇൻ” വോട്ടിംഗ് തിരഞ്ഞെടുത്തത്. വോട്ട് ചെയ്യാൻ ഫോട്ടോ ഐഡന്റിറ്റി കാർഡ് കൈവശം വയ്‌ക്കേണ്ടത് നിർബന്ധമായിരുന്നുവെന്നും ട്രമ്പ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
അതുകൊണ്ട് തന്നെ അമേരിക്കയിൽ ‘സേവ് അമേരിക്ക ആക്റ്റ്’ ഉടൻ പാസാക്കണമെന്നും ട്രമ്പ് ആവശ്യപ്പെട്ടു. യു.എസിൽ വോട്ട് ചെയ്യുന്നതിന് പൗരത്വത്തിന്റെ വ്യക്തമായ തെളിവ് നിർബന്ധമാക്കുക, ഓരോ വോട്ടർക്കും ഫോട്ടോ ഐഡി നിർബന്ധമാക്കുക, മെയിൽ-ഇൻ വോട്ടിംഗുമായി ബന്ധപ്പെട്ട തട്ടിപ്പ് തടയുക എന്നിവയാണ് ഈ നിയമനിർമ്മാണത്തിന്റെ പ്രാഥമിക ലക്ഷ്യം.
ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറും ട്രംപിന്റെ പ്രസ്താവനയെ അംഗീകരിച്ചു. എന്നാൽ ഇതിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ പവൻ ഖേര സോഷ്യൽ മീഡിയയിൽ ട്രംപിനെതിരെ പരിഹാസവുമായി രംഗത്തെത്തി. “പ്രിയപ്പെട്ട ഡൊണാൾഡ് ട്രംപ്, ഗ്യാനേഷ് കുമാറിനെ നിങ്ങളോടൊപ്പം അമേരിക്കയിലേക്ക് കൊണ്ടുപോയി അവിടെ സൂക്ഷിക്കൂ. അടുത്ത വിമാനത്തിൽ തന്നെ ഞങ്ങൾ ഞങ്ങളുടെ ഇവിഎമ്മുകൾ അമേരിക്കയിലേക്ക് അയയ്‌ക്കും. നിങ്ങൾ ഞങ്ങളോട് എങ്ങനെ പെരുമാറി എന്നതിന് പകരമായി, ഞങ്ങൾക്ക് നിങ്ങൾക്കായി ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യം ഇതാണ്.” എന്നാണ് പവൻ ഖേര കുറിച്ചത്.