തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ യുവാക്കൾക്ക് മുന്നിൽ കോൺഗ്രസ് ഉയർത്തിക്കാട്ടിയ വാഗ്ദാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു 5 ലക്ഷം വരെ യുവജന വായ്‌പാ പദ്ധതി. ആയിരക്കണക്കിന് യുവാക്കൾക്ക് സ്വന്തം സംരംഭങ്ങൾ ആരംഭിക്കാനും തൊഴിൽ കണ്ടെത്താനും ഈ പദ്ധതി സഹായിക്കുമെന്നായിരുന്നു ഇവരുടെ അവകാശവാദം. എന്നാൽ വി ഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം അവതരിപ്പിച്ച ആദ്യ ബജറ്റിൽ ആ വാഗ്ദാനത്തിന്റെ ഒരു നിഴൽ പോലും കാണാനില്ലെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി. മനുപ്രസാദ്.
കേരളത്തിലെ യുവാക്കൾ ഇന്ന് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്‌മ പ്രതിസന്ധികളിലൊന്നാണ്. പഠനം പൂർത്തിയാക്കിയ ലക്ഷക്കണക്കിന് യുവതീ – യുവാക്കൾ തൊഴിൽ തേടി സംസ്ഥാനത്തിന് പുറത്തേക്കും വിദേശത്തേക്കും പോകുന്നു. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ സാമ്പത്തിക പ്രതിസന്ധിയും ഇവിടുത്തെ ബാങ്കുകളുടെ നിബന്ധനകളും കാരണം ബുദ്ധിമുട്ടുന്നു. ഇത്തരമൊരു സാഹചര്യത്തിൽ യുവാക്കൾക്ക് നൽകിയ പ്രധാന വാഗ്ദാനം തന്നെ കോൺഗ്രസ് സർക്കാർ മറന്നിരിക്കുകയാണ്.
വാഗ്ദാനങ്ങൾ നൽകി വോട്ട് വാങ്ങുകയും പിന്നീട് അത് മറക്കുകയും ചെയ്യുന്നത് കോൺഗ്രസിന്റെ പഴയ രാഷ്‌ട്രീയ ശൈലിയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് യുവാക്കൾക്ക് മുന്നിൽ അവതരിപ്പിച്ച ‘ഗ്യാരന്റികൾ’ ഇന്ന് ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥയാണ്. യുവാക്കളുടെ പ്രതീക്ഷകൾക്ക് മറുപടി നൽകുന്നതിന് പകരം കടവും ധൂർത്തും വർധിപ്പിക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുടനീളം കാണുന്നത്. കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടോ യുവജന തൊഴിൽ സൃഷ്ടിക്കാനുള്ള സമഗ്ര പദ്ധതിയോ ഈ ബജറ്റിൽ ഇല്ല.
കേരളത്തിലെ യുവജനങ്ങളെ വഞ്ചിച്ച ഈ നിലപാടിനെതിരെ യുവമോർച്ച ശക്തമായി പ്രതികരിക്കും. യുവാക്കൾക്ക് നൽകിയ ഓരോ വാഗ്ദാനവും നടപ്പാക്കാൻ സർക്കാർ തയ്യാറാകുന്നതുവരെ ഞങ്ങളുടെ പോരാട്ടം തുടരും – മനുപ്രസാദ് പറഞ്ഞു.