തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി യൂണിയന് 10 ലക്ഷം രൂപ അനുവദിച്ച് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍. രജിസ്ട്രാറുടെ ചുമതലയുള്ള മിനി കാപ്പന്‍ ശിപാര്‍ശ ചെയ്ത ഫയല്‍ അംഗീകരിച്ചാണ് പണം നല്‍കിയത്.
സസ്‌പെന്‍ഷനില്‍ കഴിയുന്ന മുന്‍ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ കഴിഞ്ഞദിവസം അയച്ച ഫയല്‍ വിസി നേരത്ത തള്ളിയിരുന്നു. ഒപ്പം ഫയല്‍ ദിവസങ്ങളോളം വച്ചുതാമസിപ്പിച്ചതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും നീക്കം ആരംഭിച്ചു.
ഇതോടെ പണം നല്‍കാതെ വിസി കാലതാമസം വരുത്തുന്നുവെന്ന് വരുത്തിത്തീര്‍ക്കാനും എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ ഇളക്കിവിട്ട് സമരം ശക്തമാക്കാനുമുള്ള കെ.എസ്. അനില്‍കുമാറിന്റെ നീക്കം പൊളിയുകയായിരുന്നു.
രജിസ്ട്രാറുടെ ചുമതലയുള്ള മിനികാപ്പന്‍വഴി അടിയന്തരമായി ഫയല്‍ അയക്കാനും ഉടന്‍തന്നെ തുക കൈമാറാന്‍ ഫൈനാന്‍സ് ഓഫീസര്‍ക്കും വിസി നിര്‍ദ്ദേശം നല്‍കി. ഫയലുകള്‍ ഓണ്‍ലൈന്‍ വഴി അയക്കുന്നതിനുള്ള അക്‌സസ് അനില്‍കുമാറില്‍ നിന്ന് പൂര്‍ണമായും വിച്ഛേദിക്കുകയും മിനി കാപ്പന് നല്‍കുകയും ചെയ്തതോടെയാണ് ഫയല്‍നീക്കം പൂര്‍ത്തിയാക്കാനും പണം കൈമാറാനും സാധിച്ചത്. ഏതാനും ദിവസം മുമ്പ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു വിസിയെ ഫോണില്‍ വിളിച്ച് സമയവായ നീക്കം നടത്തിയിരുന്നു. എന്നാല്‍ കെ.എസ്. അനില്‍കുമാര്‍ സസ്‌പെന്‍ഷന്‍ അംഗീകരിക്കണമെന്ന ഉറച്ച നിലപാടാണ് വിസി സ്വീകരിച്ചത്. കെ.എസ്. അനില്‍ കുമാറിന് ഫയല്‍ നല്‍കരുതെന്നും അങ്ങനെയുണ്ടായാല്‍ ചട്ടലംഘനമായി കണക്കാക്കുമെന്നും വിസി മോഹന്‍ കുന്നുമ്മല്‍ ജീവനക്കാര്‍ക്കായി ഉത്തരവിറക്കിയിട്ടുമുണ്ട്.
വിസിയുടെ നിര്‍ദേശം ലംഘിച്ച് അനില്‍കുമാറിന് ഫയലുകള്‍ നല്‍കിയ ഉദ്യോഗസ്ഥരുടെ പേരുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും വിസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫയല്‍ കൈമാറിയത് ചട്ടലംഘനമായി കണക്കാക്കുമെന്നും അച്ചടക്ക നടപടി കൈക്കൊള്ളുമെന്നും ഡോ. മോഹനന്‍ കുന്നമ്മല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.