തിരുവനന്തപുരം: എസ്. പി. ബാലസുബ്രഹ്മണ്യം എന്ന വിഖ്യാത സംഗീതജ്ഞന്‍ അദ്ദേഹം ഗുരുവെന്ന് കരുതുന്ന യേശുദാസിനെ പാദപൂജ ചെയ്യുന്ന ഫോട്ടോയും വീഡിയോയും വൈറലായി പ്രചരിക്കുകയാണ്. പാദപൂജ ഗുരുതരമായ ഒരു കുറ്റമായി കേരളത്തില്‍ പ്രചരിക്കുന്നതിനിടയിലാണ് ഈ വീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ ഏറെപ്പേര്‍ പങ്കുവെയ്‌ക്കുന്നത്.
ദ ഹിന്ദു എന്ന ഇടതുപക്ഷ ദിനപത്രം തന്നെയാണ് ഈ പാദപൂജയുടെ വീഡിയോ യൂട്യൂബില്‍ എട്ട് വര്‍ഷം മുന്‍പ് പങ്കുവെച്ചിരിക്കുന്നത് എന്നതും ചരിത്രത്തിന്റെ ഒരു കാവ്യനീതിയാകാം. ഇന്ന് എസ്.പി. ബാലസുബ്രഹ്മണ്യം ജീവിച്ചിരിപ്പില്ല. എട്ട് വര്‍ഷം മുന്‍പാണ് ഈ പാദപൂജാ ചടങ്ങ് ചെന്നൈയില്‍ നടന്നത്. ഒരു മികവാര്‍ന്ന സംസ്കാരത്തിന്റെ ഭാഗമായ ചടങ്ങാണിത്. വിജയം കൈവരുന്നത് സ്വന്തം കഴിവുകൊണ്ടാണെന്ന അഹന്ത നിറഞ്ഞ ചിന്തയ്‌ക്ക് പകരം, അത് നമ്മുടെ ഗുരുക്കന്മാരുടെ പുണ്യം കൊണ്ടാണെന്ന എളിമയുടെ സംസ്കാരം. കേരളത്തില്‍ ഇടത് ആശയങ്ങളും ജിഹാദി ആശയങ്ങളും ചേര്‍ന്ന് നശിപ്പിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ആണ് ഇന്ന് കേരളത്തില്‍ പാദപൂജ ചര്‍ച്ചയാകുന്നത്.
ഈ വീഡിയോയില്‍ എസ് പി ബാലസുബ്രഹ്മണ്യം യേശുദാസിന്റെ കാല്‍ കഴുകുന്നതിന് മുന്‍പ് നടത്തുന്ന ഒരു പ്രസംഗമുണ്ട്. സദസ്സിലിരിക്കുന്നവരുടെ പാദപത്മങ്ങളെ വണങ്ങിയാണ് എസ് പി പ്രസംഗം ആരംഭിക്കുന്നത് തന്നെ. സരസ്വതീസാക്ഷാല്‍ക്കാരം പോലെ ഗുരുത്വം തനിക്കുണ്ടെന്ന് തോന്നുന്നു എന്നും എസ് പി പറയുന്നു. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാത്ത തനിക്ക് സിനിമാസംഗീതത്തില്‍ 50 വര്‍ഷം പിടിച്ചുനില്‍ക്കാന്‍ സാധിച്ചത് തന്റെ ഗുരുക്കന്മാരുടെ അനുഗ്രഹം കൊണ്ടാണെന്നാണ് ബാലസുബ്രഹ്മണ്യം പറയുന്നത്. ആരാണ് ആ ഗുരുക്കന്മാരെന്നോ? യേശുദാസ്, എസ്. ജാനകി, പി.സുശീല എന്നിവര്‍. അതാണ് ആ എളിമയുടെ സംസ്കാരം. സാര്‍ വിളിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും യേശുദാസിന്റെ അണ്ണാ എന്ന് വിളിക്കാനാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നും എസ് പി. ബാലസുബ്രഹ്മണ്യം പ്രസംഗത്തില്‍ പറയുമ്പോള്‍ ആ എളിമയിലൂടെ അദ്ദേഹത്തിന്റെ മഹത്വം തന്നെയാണ് വെളിപ്പെടുന്നത്.
നാല് വര്‍ഷം മുന്‍പ് ഇടത് പക്ഷത്തിന്റെ കൈരളി ചാനല്‍ നടത്തിയ പരിപാടിയില്‍ ഇപ്പോഴത്തെ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി കൂടി ഇരിക്കുന്ന സ്റ്റേജില്‍ എസ് പി ബാലസുബ്രഹ്മണ്യം യേശുദാസിന്റെ കാല്‍ തൊട്ട് വന്ദിക്കുന്നുണ്ട്. ആ ചടങ്ങില്‍ യേശുദാസ് എസ് പിയുമായുള്ള ആത്മബന്ധത്തിന്റെ ആഴം വിശദീകരിക്കുന്നുണ്ട്. പാരീസില്‍ പണ്ട് ഒരു സംഗീത പരിപാടിയില്‍ പങ്കെടുത്ത ശേഷം ഭക്ഷണം പോലും കിട്ടാതെ വന്ന സംഭവം യേശുദാസ് വിവരിക്കുന്നുണ്ട്. എപ്പോഴും കുക്കര്‍ കൂടെ കൊണ്ടു നടക്കുന്ന എസ് പി അതില്‍ പാചകം ചെയ്ത ഭക്ഷണത്തിന്റെ ഒരു പങ്ക് യേശുദാസിന് കൂടി നല്‍കിയപ്പോള്‍ തന്റെ കണ്ണ് നിറഞ്ഞുപോയ സംഭവം യേശുദാസ് വിവരിക്കുന്നുണ്ട്. ഈ കഥ യേശുദാസ് പറയുമ്പോള്‍ കണ്ണീര്‍ തുടക്കുന്ന എസ് പിയെയും കാണാം. തങ്ങള്‍ രണ്ടുപേരും ഭൂമിയുടെ ഗര്‍ഭപാത്രത്തില്‍ ഒന്നാണെന്നും അതാണ് ആ ആത്മബന്ധമെന്നും യേശുദാസ് പറയുന്നു. ഒരേ രംഗത്ത് മത്സരിക്കുകയാണെങ്കിലും അവര്‍ തമ്മിലുള്ള ആ ബന്ധത്തിന്റെ ശുദ്ധിയാണ് യേശുദാസ് വിവരിക്കുന്നത്.