കോഴിക്കോട്: അന്താരാഷ്‌ട്ര യോഗാ ദിന ആചരണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് മേധാവികളുടെ യോഗം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വിളിച്ചുചേര്‍ത്ത നടപടി ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍..
സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ അമിതാധികാര പ്രവണത രാഷ്‌ട്രീയ കേരളത്തെ അസ്വസ്ഥമാകുമ്പോഴാണ് പൊതു ഭരണത്തില്‍ അസാധാരണമാംവിധം ഗവര്‍ണറുടെ ഓഫീസ് ഇടപെടുന്നത്. ഉന്നത, പൊതു വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍, ദേശീയ ആരോഗ്യ മിഷന്‍ സംസ്ഥാന മേധാവി, സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍മാര്‍ തുടങ്ങിയ വിവിധ വകുപ്പുകളിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം സംസ്ഥാന സര്‍ക്കാര്‍ അറിയാതെയാണ് ഗവര്‍ണര്‍ വിളിച്ചു ചേര്‍ത്തിട്ടുള്ളത്. കേന്ദ്രത്തില്‍ ബിജെപി ഭരണത്തില്‍ എത്തിയ കാലം മുതല്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ചുകൊണ്ട് ബിജെപി ഇതര കക്ഷികള്‍ ഭരണം നടത്തുന്ന സംസ്ഥാനങ്ങളില്‍ കാര്യ നിര്‍വഹണ സംവിധാനങ്ങളിലേക്ക് കടന്നുകയറ്റം നടത്തുന്നതിനിടയിലാണ് കേരളത്തില്‍ ഇത്തരമൊരു പുതിയ കീഴ് വഴക്കം സൃഷ്ടിക്കുന്നത്.
വിസിമാരുടെ നിയമനത്തിലും എംജി യൂണിവേഴ്‌സിറ്റി സെനറ്റ് അംഗങ്ങളുടെ നോമിനേഷനിലും സമ്പൂര്‍ണ്ണ ആര്‍എസ്എസ് വല്‍ക്കരണത്തിനുള്ള ശ്രമം നടന്നപ്പോള്‍ മിണ്ടാതിരിക്കുകയും നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വിമുഖത കാട്ടുകയും ചെയ്ത യുഡിഎഫ് ഗവണ്‍മെന്റിന്റെ കഴിവുകേടാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍. ജനാധിപത്യ കേരളം ഇത്തരം നീക്കങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.