• Thu. Oct 1st, 2026

24×7 Live News

Apdin News

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Byadmin

Oct 1, 2026


കൊച്ചി: കഥാപുരുഷന്‍ എന്ന മലയാള സിനിമയില്‍ തുടങ്ങി മലയാളി ഹൃദയങ്ങളിൽ ചേക്കേറിയ ആ വിടർന്ന കണ്ണുകളിലെ വശ്യത ആരും അത്ര പെട്ടെന്ന് മറക്കാനിടയില്ല.ജയറാമിനൊപ്പം അഭിനയിച്ച ഞങ്ങള്‍ സന്തുഷ്ടരാണ് ഹിറ്റായതോടെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. തമിഴിലും മലയാളത്തിലുമൊക്കെയായി താരമൂല്യത്തിന്റെ കൊടുമുടിയിൽ തിളങ്ങിനിന്ന കാലത്താണ് ഒരു മടിയും കൂടാതെ അഭിരാമി ക്യാമറക്കണ്ണുകളിൽ നിന്ന് വിടപറഞ്ഞ് പഠനത്തിനായി കടൽ കടന്നത്. ഒടുവില്‍ കമല്‍ ഹാസനൊപ്പം വിരുമാണ്ടി എന്ന സൂപ്പര്‍ ഡൂപ്പര്‍ ചിത്രത്തിലെ നായികയായിരുന്നു അഭിരാമി. 2004ല്‍ ആയിരുന്നു വിരുമാണ്ടി പുറത്തുവന്നത്. അതിന് ശേഷമാണ് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കവേ അഭിരാമി സിനിമ ഉപേക്ഷിച്ച് പഠനത്തിനായി വിദേശത്തേക്ക് പോയത്. അന്ന് ആ പിന്മാറ്റം ആരാധകരെ വല്ലാതെ നിരാശരാക്കിയെങ്കിലും, സ്വന്തം വ്യക്തിത്വത്തിനും സന്തോഷത്തിനും പ്രാധാന്യം നൽകിയ ആ പെൺകരുത്ത് വേറിട്ടൊരു മാതൃകയായിരുന്നു

സിനിമയുടെ ആർഭാടങ്ങളോ വെള്ളിവെളിച്ചമോ ഒന്നുമില്ലെങ്കിലും തനിക്ക് ആത്മാർത്ഥമായി സ്നേഹിക്കാൻ ഒരു കൊച്ചു ലോകമുണ്ടെങ്കിൽ സന്തോഷത്തോടെ ജീവിക്കാമെന്ന് താരം തെളിയിച്ചു. ബാല്യകാല സുഹൃത്തായ രാഹുലിനെ ജീവിതപങ്കാളിയാക്കിയതും, തുടർന്ന് കൽക്കി എന്ന പെൺകുഞ്ഞിനെ ദത്തെടുത്ത് സ്വന്തം മാറോടണച്ചതുമെല്ലാം അഭിരാമിയുടെ ജീവിതത്തിലെ ഏറ്റവും പവിത്രമായ തീരുമാനങ്ങളായിരുന്നു.

ഒരു കുഞ്ഞ് ജീവിതത്തിലേക്ക് കടന്നുവന്നതോടെ തന്റെ ചിന്തകളും മുൻഗണനകളും പൂർണ്ണമായി മാറിമറിഞ്ഞുവെന്ന് വാത്സല്യത്തോടെ അവർ സാക്ഷ്യപ്പെടുത്തുന്നു വീട്ടിൽ മകൾക്കൊപ്പം പലഹാരങ്ങളുണ്ടാക്കിയും മഴയത്ത് തുള്ളിച്ചാടിയും ഒരു കൊച്ചുകുട്ടിയായി മാറുന്ന നിമിഷങ്ങളാണ് തന്റെ ഏറ്റവും വലിയ ആനന്ദമെന്ന് താരം പറയുന്നു.

ആരോഗ്യപരമായ പ്രതിസന്ധികളെയും നടുവേദനയെയുമൊക്കെ നിശ്ചയദാർഢ്യം കൊണ്ട് അതിജീവിച്ച് കരുത്തോടെ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുമ്പോൾ, ആ ചിരിക്ക് മാറ്റുകൂട്ടുന്നത് വർഷങ്ങൾ പകർന്നുനൽകിയ പക്വതയാണ്. സമൂഹം എന്തുപറയുമെന്ന ഭയമില്ലാതെ മനസ്സിന് ശരിയെന്ന് തോന്നുന്ന വഴികളിലൂടെ സ്വന്തം ജീവിതം എഴുതിച്ചേർക്കുകയാണ് ഈ പ്രിയനടി.

അഭിരാമിയുടെ രണ്ടാം വരവ് തിളക്കുമുള്ളതാണ്. 2024ല്‍ ചെയ്ത മഹാരാജ എന്ന സിനിമയില്‍ വിജയ് സേതുപതിയാണ് നായകന്‍. ഈ തമിഴ് ചിത്രം തീയേറ്ററുകളിൽ വൻ വിജയമാവുകയും നിരൂപക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. 2024ല്‍ തന്നെ വന്ന ഗരുഡൻ എന്ന സിനിമ സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ച ഒരു ത്രില്ലർ സിനിമയായിരുന്നു. ഇതില്‍ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് അഭിരാമി അവതരിപ്പിച്ചത്. 2024ല്‍ തന്നെ വേട്ടയ്യൻ രജനികാന്ത് ചിത്രത്തിലും താരം വേഷമിട്ടു.
പക്ഷെ 2026ല്‍ അർജുൻ സർജയ്‌ക്കൊപ്പം തമിഴിൽ അഭിനയിച്ച ബ്ലാസ്റ്റ് എന്ന ഈ ആക്ഷൻ-ഡ്രാമ ചിത്രത്തിൽ അഭിരാമി ചെയ്ത മികച്ച ആക്ഷൻ രംഗങ്ങളും വലിയ രീതിയിൽ മാധ്യമങ്ങളിൽ ചർച്ചയായി. ചിത്രം വൻ വിജയമാവുകയും ചെയ്തു.അതിന് ശേഷം ചെയ്ത മലയാളചിത്രമായ ലോ ആന്‍റ് ഓര്‍ഡറും ശരാശരി വിജയമായി.



By admin