• Mon. Jul 14th, 2025

24×7 Live News

Apdin News

രണ്ടാമതും നിപ; ആറു ജില്ലകള്‍ ജാഗ്രതാ പട്ടികയില്‍; സമ്പര്‍ക്കപ്പട്ടികയില്‍ 46 പേര്‍

Byadmin

Jul 14, 2025


പാലക്കാട്‌: പെരിന്തല്‍മണ്ണയില്‍ മരണമടഞ്ഞ അമ്പത്തേഴുകാരന്‌ നിപ റിപ്പോര്‍ട്ട്‌ ചെയ്‌ത സാഹചര്യത്തില്‍ സമ്പര്‍ക്കപ്പട്ടിക തയാറാക്കി. ആറു ജില്ലകള്‍ ജാഗ്രാതാപട്ടികയില്‍. മലപ്പുറം, കോഴിക്കോട്‌, പാലക്കാട്‌, വയനാട്‌, കണ്ണൂര്‍, തൃശൂര്‍ എന്നീ ജില്ലകളാണ്‌ ജാഗ്രതാപട്ടികയില്‍.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണു മരണമടഞ്ഞ അമ്പത്തേഴുകാരന്‌ നിപ പോസിറ്റീവാണെന്നു കണ്ടെത്തിയത്‌. ഉടന്‍തന്നെ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള കോണ്‍ടാക്‌ട് ട്രേസിങ്‌ ആരംഭിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ള 46 പേരെ കണ്ടെത്തിയിട്ടുണ്ട്‌. സിസിടിവി ദൂശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും ശേഖരിച്ചു.

ലഭ്യമായ വിവരങ്ങളനുസരിച്ച്‌ റൂട്ട്‌ മാപ്പ്‌ തയാറാക്കി. ഫാമിലി ട്രീയും തയാറാക്കി. പ്രദേശത്ത്‌ ഫീല്‍ഡ്‌തല പ്രവര്‍ത്തനങ്ങള്‍ ശക്‌തമാക്കിയിട്ടുണ്ട്‌. ഫീവര്‍ സര്‍വൈലന്‍സും തുടരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയെടുത്ത്‌ നിരീക്ഷണം നടത്തും.

പൂനെ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍നിന്നുള്ള സ്‌ഥിരീകരണം ലഭ്യമാകുന്ന മുറയ്‌ക്ക് കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. ഒരു കേസ്‌ കൂടി കണ്ടെത്തിയ സാഹചര്യത്തില്‍ ടീമിനെ ശക്‌തിപ്പെടുത്താന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.

പാലക്കാട്‌, മലപ്പുറം ജില്ലകളില്‍ അനാവശ്യ ആശുപത്രിസന്ദര്‍ശനം ഒഴിവാക്കണം. രോഗികളോടൊപ്പം സഹായിയായി ഒരാള്‍ മാത്രമേ പാടുള്ളൂ. ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്‌.

നിപ ജാഗ്രതയില്‍ മണ്ണാര്‍ക്കാട്‌

മണ്ണാര്‍ക്കാട്‌: നിപ രോഗലക്ഷണങ്ങളോടെ ചങ്ങിലീരി സ്വദേശി മരണമടഞ്ഞ സാഹചര്യത്തില്‍ മണ്ണാര്‍ക്കാട്‌ ജാഗ്രതയില്‍. തച്ചനാട്ടുകരയില്‍ വീട്ടമ്മയ്‌ക്കു നിപ സ്‌ഥിരീകരിച്ചതിനു പിന്നാലെ തച്ചനാട്ടുകര, കരിമ്പുഴ പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കഴിഞ്ഞ ദിവസമാണു നീക്കിയത്‌. ഇതിനിടെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പനിക്കു ചികിത്സതേടിയ ചങ്ങലീരി സ്വദേശിക്കു നിപ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതോടെ കുമരംപുത്തൂര്‍, മണ്ണാര്‍ക്കാട്‌ നഗരസഭ എന്നിവിടങ്ങളിലെ ആറു വാര്‍ഡുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

പനിക്കു ചികിത്സ തുടങ്ങിയ ചങ്ങലീരി സ്വദേശിയാണ്‌ ഒരാഴ്‌ചക്കകം പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്‌. ഇയാള്‍ക്കു നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനാല്‍ സാമ്പിള്‍ പരിശോധനയ്‌ക്കയച്ചിരുന്നു. മഞ്ചേരിയിലെയും പുനെയിലേയും വൈറോളജി ലാബിലേക്കാണു സാമ്പിള്‍ അയച്ചത്‌. മഞ്ചേരിയില്‍ ട്രൂനാറ്റ്‌ പരിശോധനയില്‍ നിപ ഫലം പോസറ്റീവായിരുന്നു. പുനെയിലെ ഫലം കൂടി വന്നാലാണു നിപ സ്‌ഥിരീകരിക്കുക.

മരിച്ച രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരോട്‌ ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. വിപുലമായ സമ്പര്‍ക്ക പട്ടിക തയാറാക്കുകയും ചെയ്‌തു.

മണ്ണാര്‍ക്കാട്ടെ രണ്ടു സ്വകാര്യ ആശുപത്രികളില്‍ രോഗി ചികിത്സ തേടിയിരുന്നു. തുടര്‍ന്നാണ്‌ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്‌. തുടര്‍ന്നായിരുന്നു മരണം. നിപ ബാധിച്ച്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ കഴിയുന്ന തച്ചനാട്ടുകര സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്‌.

By admin