തിരുവനന്തപുരം: കടുത്ത വൈദ്യുതി പ്രതിസന്ധി നിലനിൽക്കുന്നതിനിടെ കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യത്തെ സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നിൽ സർക്കാരുമായുള്ള കടുത്ത ഭിന്നതയെന്ന് റിപ്പോർട്ട്. സ്വകാര്യ കമ്പനിയിൽ നിന്നു വൈദ്യുതി വാങ്ങി അഴിമതി നടത്താനുള്ള നീക്കത്തിന് രാജമാണിക്യത്തിന്റെ നിലപാട് തടസമായെന്നാണ് സൂചന.
ടെൻഡറോ റെഗുലേറ്ററി കമ്മിഷന്റെ മുൻകൂർ അനുമതിയോ ഇല്ലാതെ കൂടിയ വിലയ്‌ക്ക് സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തെ രാജമാണിക്യം എതിർത്തു. വൈദ്യുതി ക്ഷാമം പരിഹരിക്കാൻ ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങാൻ രാജമാണിക്യം തീരുമാനിച്ചിരുന്നു. പീക്ക് അവറുകളിൽ വൈദ്യുതി ലഭ്യമാകുന്ന കരാറായിരുന്നു ഇത്. പീക്ക് അവറുകളിൽ 800 മുതൽ 1280 മെഗാവാട്ട് വരെ വാങ്ങാനായിരുന്നു നിർദേശം. യൂണിറ്റിന് 14.5 രൂപ നിരക്കെങ്കിൽ നവംബർ-മാർച്ച് കാലയളവിലെ ചെലവ് 1281 കോടി രൂപ, 12.50 രൂപയെങ്കിൽ 1105 കോടി രൂപ. ആവശ്യകത കൂടുതലുള്ള രാത്രിയിൽ 80 ശതമാനം വൈദ്യുതിയും ലഭ്യമാകുമെന്നതായിരുന്നു പ്രത്യേകത. ഇതിനിടെ, ജിഎൻഎ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ ഏജൻസി മാർച്ചുവരെ പകലും രാത്രിയും 500 മെഗാവാട്ട്, യൂണിറ്റിന് 8.63 രൂപ നിരക്കിൽ നൽകാമെന്ന് സർക്കാരിനെ അറിയിച്ചു.
പകൽ പുറത്തുനിന്നുള്ള വൈദ്യുതി ആവശ്യമില്ലാത്തതിനാൽ ജിഎൻഎയിൽ നിന്ന് 24 മണിക്കൂറും വൈദ്യുതി വാങ്ങിയാൽ മാർച്ച് വരെ 1566 കോടി ചെലവാകുമെന്ന് രാജമാണിക്യം ചൂണ്ടിക്കാട്ടി. ജിഎൻഎയിൽ നിന്ന് രാത്രികാലങ്ങളിൽ കുറഞ്ഞ അളവിൽ മാത്രമേ വൈദ്യുതി ലഭിക്കൂ എന്നതും ഹിമാചലിൽ നിന്നുള്ള കരാറാണ് സാമ്പത്തികമായി ലാഭമെന്നതും കെഎസ്ഇബി വ്യക്തമാക്കി.
യൂണിറ്റ് നിരക്ക് മാത്രം നോക്കിയല്ല, ആവശ്യാനുസൃതമുള്ള ലഭ്യമാക്കൽ കണക്കാക്കിയാണ് തുക താരതമ്യം ചെയ്യേണ്ടതെന്ന നിലപാടിൽ രാജമാണിക്യം ഉറച്ചുനിന്നു. വൈദ്യുതി മന്ത്രി സണ്ണി ജോസഫുമായി പത്തോളം കൂടിക്കാഴ്ചകൾ നടത്തിയെങ്കിലും സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങാനാണ് താല്പര്യമെന്ന നിലപാടിലായിരുന്നു സർക്കാർ. റെഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ലാതെ സ്വകാര്യ കമ്പനിയുമായി കരാറിലേർപ്പെടാൻ സാധിക്കില്ലെന്ന് രാജമാണിക്യം വ്യക്തമാക്കിയതോടെ തർക്കം രൂക്ഷമായി, അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റാൻ സർക്കാർ തീരുമാനിച്ചു.
ഐഎഎസ് തലപ്പത്തെ കൂട്ടമാറ്റം:
ഉദ്യോഗസ്ഥർക്ക് കടുത്ത അതൃപ്തി
ഐഎഎസ് തലപ്പത്ത് പെട്ടെന്നുണ്ടായ കൂട്ടമാറ്റത്തിൽ ഉദ്യോഗസ്ഥർക്കിടെ കടുത്ത അതൃപ്തി. ചട്ടങ്ങൾ പാലിക്കാതെയും മാനദണ്ഡങ്ങൾ ഇല്ലാതെയുമാണ് അഴിച്ചുപണിയെന്നാണ് വിമർശനം.
ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനു മുമ്പ് സിവിൽ സർവീസ് ബോർഡ് യോഗം ചേർന്ന് തീരുമാനിക്കണമെന്ന വ്യവസ്ഥ പാലിക്കാതെയാണ് നടപടിയെന്നാണ് പ്രധാന ആക്ഷേപം. ബോർഡ് ചേർന്നേ സ്ഥലംമാറ്റമാകാവൂ എന്ന കോടതിയുടെ കർശന നിർദേശം ലംഘിച്ചു. ഉദ്യോഗസ്ഥരെ തുടരെത്തുടരെ മാറ്റുന്നത് ഭരണപരമായ അസ്ഥിരതയ്‌ക്ക് കാരണമാകുന്നെന്നും അഭിപ്രായമുയർന്നു. രണ്ടാഴ്ച മുമ്പ് തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് മാറ്റിയ ടി.വി. അനുപമയെ വീണ്ടും ധനകാര്യ വകുപ്പിലേക്ക് മാറ്റിയത് ഇതിന് ഉദാഹരണമാണ്.
ചില പ്രമുഖ വകുപ്പുകളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പെട്ടെന്നുള്ള ഈ അഴിച്ചുപണിക്ക് പിന്നിലെന്നും പറയുന്നു. ആരോഗ്യമന്ത്രിയുമായി ഭിന്നതയിലായിരുന്ന ഷർമിള മേരി ജോസഫിനെയും കെഎസ്ഇബി ചെയർമാനായിരുന്ന എം.ജി. രാജമാണിക്യത്തെയും മാറ്റിയതുമൊക്കെ ഇതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തൽ.