• Wed. May 6th, 2026

24×7 Live News

Apdin News

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

Byadmin

May 6, 2026



മുംബൈ: ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറുന്ന നടപടികളില്‍ വന്‍ ക്രമക്കേടെന്ന് ആരോപണം. ടീമിനെ സ്വന്തമാക്കാന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്ന കല്‍ സോമാനിയുടെ നേതൃത്വത്തിലുള്ള നിക്ഷേപക ഗ്രൂപ്പാണ് ക്രമക്കേട് ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

തങ്ങളെ ചതിയിലൂടെ പുറത്താക്കിയതാണെന്നും നടപടിക്രമങ്ങളില്‍ സുതാര്യത ഉണ്ടായിരുന്നില്ലെന്നും കല്‍ സൊമാനി ഗ്രൂപ്പ് ആരോപിച്ചു. നിലവില്‍ ലക്ഷ്മി മിത്തല്‍, ആദിത്യ മിത്തല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മിത്തല്‍ ഗ്രൂപ്പാണ് രാജസ്ഥാന്‍ റോയല്‍സിനെ വാങ്ങിയിരിക്കുന്നത്. 15600 കോടി രൂപയ്‌ക്ക് മിത്തല്‍ ഗ്രൂപ്പ് രാജസ്ഥാന്‍ റോയല്‍സിനെ സ്വന്തമാക്കിയത്രേ.

വാള്‍മാര്‍ട്ട് കുടുംബം ഉള്‍പ്പെടെയുള്ള വന്‍കിട നിക്ഷേപകരുമായി ചേര്‍ന്ന് 1.63 ബില്യണ്‍ ഡോളറിന് (ഏകദേശം 15,000 കോടി രൂപ) രാജസ്ഥാന്‍ റോയല്‍സിനെ വാങ്ങാന്‍ നേരത്തെ ധാരണയിലെത്തിയിരുന്നതായി സോമാനി ഗ്രൂപ്പ് പറഞ്ഞു. എന്നാല്‍ മേയ് 3-ന് മിത്തല്‍ ഗ്രൂപ്പ് 1.65 ബില്യണ്‍ ഡോളറിന് (ഏകദേശം 15,660 കോടി രൂപ) ടീമിനെ വാങ്ങാന്‍ കരാറൊപ്പിട്ടതായി ഔദ്യോഗിക സ്ഥിരീകരണം വന്നു. സോമാനി ഗ്രൂപ്പ് പിന്മാറിയതിനാലാണ് മിത്തല്‍ ഗ്രൂപ്പിന് അവസരം നല്‍കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ തങ്ങള്‍ പിന്മാറിയെന്ന വാര്‍ത്തകളെ സോമാനി ഗ്രൂപ്പ് തള്ളി. ലോകപ്രശസ്തരായ എന്‍എഫ്എല്‍, ഇപിഎല്‍ ക്ലബ് ഉടമകളും സൂപ്പര്‍ താരങ്ങളും ഉള്‍പ്പെട്ട വന്‍ നിര തന്നെ ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്നു. ടീമിനെ വാങ്ങാനുള്ള മുഴുവന്‍ തുകയും കയ്യിലുണ്ടായിരുന്നു. ശനിയാഴ്ച നടന്ന ബോര്‍ഡ് മീറ്റിംഗില്‍ തങ്ങളുടെ ബിഡ് അംഗീകരിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പെട്ടെന്ന് മിത്തല്‍ ഗ്രൂപ്പിനെ ഉടമകളായി പ്രഖ്യാപിക്കുകയായിരുന്നു. ടീമിന്റെ ഉടമസ്ഥാവകാശ കൈമാറ്റം സംബന്ധിച്ച നടപടിക്രമങ്ങള്‍ സുതാര്യമായിരുന്നില്ലെന്നും എല്ലാവര്‍ക്കും തുല്യ അവസരം നല്‍കിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

മിത്തല്‍ കുടുംബത്തിനൊപ്പം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാലയും ചേര്‍ന്നാണ് ടീമിനെ വാങ്ങിയത്. മിത്തല്‍ ഗ്രൂപ്പിനാണ് 75% ഓഹരിയും. അദാര്‍ പൂനവാലക്ക് 18% ഓഹരിയുണ്ട്. നിലവിലെ ഉടമകളായ മനോജ് ബദാലെ ആന്‍ഡ് ടീമിനാണ് ബാക്കിയുള്ള ഓഹരികള്‍. ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ദക്ഷിണാഫ്രിക്കയിലെയും കരീബിയനിലെയും റോയല്‍സ് ടീമുകളും പുതിയ ഉടമകള്‍ക്ക് കീഴിലാകും.

By admin